കഠിനംകുളത്തു വീട്ടമ്മ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രവതി പോലീസിൻ്റെ പിടിയിൽ. യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്‍സണാണ്  പിടിയിലായത്. കോട്ടയം ചിങ്ങവനത്തു നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിഷ വസ്തു കഴിച്ചതിനെ തുടർന്നു ജോണ്‍സനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

മുൻപ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയിൽ നിന്നാണു ജോണ്‍സനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവിടെയുള്ള സാധനങ്ങള്‍ എടുക്കാൻ എത്തിയതായിരുന്നു ജോൺസൺ. അന്വേഷണ സംഘം തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു പുറപ്പെട്ടു. ഇയാളുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നാണു വിവരം. 

ആതിരയുമായി ജോൺസന് ഒരു വർഷത്തോളമായി അടുപ്പമുണ്ട്. ഇൻസ്റ്റഗ്രാമിൽ റീൽസുകൾ പങ്കുവച്ചാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്. ഭർത്താവും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനുമുള്ള ആതിരയെ ഒപ്പം വരാൻ ജോൺസൺ നിർബന്ധിച്ചിരുന്നു. എതിർത്തപ്പോൾ, ഭീഷണിപ്പെടുത്തി ആതിരയിൽനിന്നു പണം വാങ്ങി. ആതിരയിൽനിന്ന് ഇയാൾ 1.30 ലക്ഷം പലതവണയായി വാങ്ങിയിരുന്നു. കൊല്ലപ്പെടുന്നതിനു 3 ദിവസം മുൻപ് 2500 രൂപ ആതിര നൽകിയതായും കണ്ടെത്തി. 5 മാസത്തിനിടെ പലതവണ കഠിനംകുളത്തു ജോൺസൺ വന്നിരുന്നു.