കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. കേസില്‍ അറസ്റ്റിലായ അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെ സസ്പെൻ്റ് ചെയ്തത്. സംഭവത്തില്‍ പോളിടെക്നിക് കോളേജ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.
കളമശേരി പോളിടെക്നിക് കോളേജിലെ മെൻസ് ഹോസ്റ്റലിൽ നിന്ന് ഇന്നലെ രാത്രിയാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. പിന്നാലെ മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ആകാശ്, ആദിത്യൻ, അഭിരാജ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ കേസിൽ മുഖ്യപ്രതിചേർക്കപ്പെട്ട ആകാശ് നിരപരാധിയെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടയിലും കെഎസ്‌യു- എസ്എഫ്‌ഐ പ്രവര്‍ത്തകരും ആകാശിന് അനുകൂലമായാണ് സംസാരിക്കുന്നത്.