കൊച്ചി: കൊച്ചി കളമശ്ശേരിയിൽ അപ്പാർട്മെൻ്റിൽ ഇൻ്റേൺഷിപ്പിനെത്തിയ വിദ്യാർത്ഥികളെ സുഹൃത്തായ വിദ്യാർത്ഥിയുൾപ്പെട്ട സംഘം ആക്രമിച്ചു. അഞ്ച് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. കാസർകോഡ് സ്വദേശികളായ ഷാസിൽ (21), അജിനാസ്, സൈഫുദ്ദീൻ, മിഷാൽ , അഫ്സൽ എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്.
പെൺ സുഹൃത്തിനെ ചൊല്ലിയുള്ള തർക്കം രണ്ട് സുഹൃദ് സംഘങ്ങൾ തമ്മിലെ സംഘർഷത്തിൽ കലാശിച്ചെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ 2.15 ഓടെ സീപോർട്ട് എയർ പോർട്ട്റോഡിന് സമീപം കൈപ്പടമുഗളിൽ അഫ്സൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള അപ്പാർട്മെൻ്റിലാണ് സംഘർഷം ഉണ്ടായത്. ആക്രമിക്കപ്പെട്ട വിദ്യാർത്ഥികളുടെ സുഹൃത്തായ ദേവാനന്ദും കണ്ടാലറിയാവുന്ന നാല് പേരും ചേർന്നാണ് ആക്രമിച്ചത്.
കമ്പി വടിയും മാരകായുധങ്ങളുമായി അപ്പാർട്ട്മെൻ്റിലെ വാതിൽ പൊളിച്ച് അകത്ത് കയറിയ സംഘം ഷാസിലിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരും ചികിത്സയിലാണ്. കൊലപാതക ശ്രമം അടക്കമുളള വകുപ്പുകൾ ചുമത്തി കളമശ്ശേരി പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തട്ടില്ല. മംഗലാപുരം കോളജിലെ വിദ്യാർത്ഥികളായ എല്ലാവരും എറണാകുളത്ത് ഇൻ്റേൺഷിപ്പ് ചെയ്യാൻ എത്തിയവരാണ്