കല്ലടിക്കോട്: പാലക്കാട് പനയമ്പാടത്ത് നാടിനെ നടുക്കിയ ദുരന്തം നടന്നത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളില്‍ ഒരാളായ ഇര്‍ഫാനയുടെ അമ്മയുടെ കണ്മുന്നില്. ഇര്‍ഫാനയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്തിയതായിരുന്നു അമ്മ. വിദ്യാര്‍ത്ഥികള്‍ നടന്ന് വരുന്നത് ഇര്‍ഫാനയുടെ അമ്മ കാണുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത അപകടം നടന്നത്. വിദ്യാര്‍ത്ഥിനികള്‍ക്ക് മേല്‍ ലോറി മറിഞ്ഞതോടെ ഇര്‍ഫാനയുടെ അമ്മ ഓടിയെത്തി. ഈ സമയം അപകടത്തില്‍നിന്ന് രക്ഷപ്പെട്ട അജ്നയും സ്ഥലത്തുണ്ടായിരുന്നു. ഇര്‍ഫാനയുടെ അമ്മയെ ചേര്‍ത്തുപിടിച്ചത് അജ്നയായിരുന്നു.
അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികളില്‍ ചിലരെ തിരിച്ചറിയാന്‍ കഴിയാതെയാണ് രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. മക്കള്‍ക്ക് സംഭവിച്ച ദുരന്തം വീട്ടുകാര്‍ അറിഞ്ഞതും വൈകിയായിരുന്നു. കുട്ടികളില്‍ ഒരാളെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത് കൈയ്യിലെ വാച്ചുകണ്ടായിരുന്നു. മുന്‍പ് ദേശീയപാതയിലൂടെ അല്ലാതെ മറ്റൊരുവഴിയിലൂടെയായിരുന്നു കുട്ടികള്‍ സ്കൂളിലേയ്ക്ക് പോയിരുന്നതെന്ന് ബന്ധുക്കളില്‍ ചിലര്‍ പറയുന്നു. അടുത്തിടെയാണ് ദേശീയപാതയിലൂടെ സ്കൂളിലേക്ക് വന്നുപോയി തുടങ്ങിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. കുട്ടികളുടെ മരണം ഇനിയും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും.
ചെറുവള്ളി ഗ്രാമത്തില്‍ അടുത്തടുത്തായാണ് ഇര്‍ഫാനയും നിദയും റിദയും ആയിഷയും താമസിച്ചിരുന്നത്. മദ്രസ മുതല്‍ ഒരുമിച്ച് കളിച്ചു വളര്‍ന്നവര്‍. നാല് പേരും എന്നും ഒരുമിച്ചായിരുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഉണ്ടായ അപകടം നാല് പേരുടേയും ജീവനെടുത്തത്. പാലക്കാട് നിന്ന് മണ്ണാര്‍ക്കാടേയ്ക്ക് പോകുകയായിരുന്ന സിമന്റ് ലോറി മറ്റൊരു ലോറിയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് മറിയുകയായിരുന്നു. നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒരാളുടെ മുടി മുറിച്ചായിരുന്നു ലോറിയില്‍നിന്ന് വേര്‍പെടുത്തിയത്. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ഥിരം അപകടം നടക്കുന്ന ഇടമാണെന്ന് പരാതി ഉയര്‍ന്നിട്ടും നടപടിയില്ലെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. പ്രശ്നത്തിന് പരിഹാരം കാണാമെന്ന പാലക്കാട് എഡിഎമ്മിന്റെ ഉറപ്പിനെ തുടര്‍ന്നായിരുന്നു നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്ന് കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്.