പനയമ്പാടം: പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി. കരിമ്പ തുപ്പനാട് ജുമാ മസ്ജിദില്‍ ഒരൊറ്റ ഖബറിലാണ് നാല് പേരുടേയും മൃതദേഹങ്ങള്‍ അടക്കിയത്. ഒരൊറ്റ ഖബറിൽ നാല് അടിഖബറുകൾ ഒരുക്കിയാണ് കൂട്ടുകാരെ നാലുപേരെയും ഒരുമിച്ച് അടക്കിയത്.
രാവിലെ ആറരയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും നാലുപേരുടെയും മൃതദേഹം വീടുകളിൽ എത്തിച്ചു. ബന്ധുക്കൾ അന്തിമോപചാരം അർപ്പിച്ചതിന് ശേഷം നാലുപേരുടെയും മൃതദേഹങ്ങൾ കരിമ്പിനൽ ഹാളിൽ പൊതുദർശനത്തിന് വെച്ചു. വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച കരിമ്പനല്‍ ഹാളിലേക്ക് പ്രിയപ്പെട്ട കുഞ്ഞുമക്കളെ അവസാനമായി ഒരു നോക്കുകാണാന്‍ നിരവധി പേരാണ് ഒഴുകിയെത്തിയത്. മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി, മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, എംഎല്‍എമാരായ കെ ശാന്തകുമാരി, രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാവിലെ ആറ് മണിയോടെയാണ് വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം അവരവരുടെ വീടുകളില്‍ എത്തിച്ചത്. ചെറുവള്ളിയില്‍ അടുത്തടുത്താണ് വിദ്യാര്‍ത്ഥിനികളുടെ വീട്. നാട്ടുകാരും വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളും ബന്ധുക്കളും അടക്കം നിരവധി പേരാണ് കുഞ്ഞുങ്ങളെ അവസാനമായി ഒരു നോക്കുകാണാന്‍ വീടുകളിലേക്ക് എത്തിയത്.