വാഷിങ്ടൺ: ഡമോക്രാറ്റിക് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്‍റുമായ കമലാ ഹാരിസ് അമേരിക്കയുടെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ഇസ്രായേൽ ലോകത്ത് നിന്ന് തുടച്ചുമാറ്റപ്പെടുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച ലാസ് വേഗസിലെയും നെവാഡയിലെയും ജൂത മതസ്ഥരോട് സംവദിക്കുന്നതിനിടയിലാണ് ട്രംപ്, ഹാരിസിനെതിരെ വിവാദ പ്രസ്താവന നടത്തിയത്.

കമലാ ഹാരിസ് പ്രസിഡന്റ് ആയാല്‍ ഇസ്രായേല്‍ എന്ന രാജ്യം തന്നെയുണ്ടാവില്ല. നിങ്ങൾക്ക് തിരികെ പോകാൻ ഇസ്രായേൽ എന്ന മണ്ണുണ്ടാകില്ല. ഇത് നിങ്ങൾ എല്ലാവരോടും പറയണമെന്നും ട്രംപ് പറഞ്ഞു. താൻ പ്രസിഡന്റായാൽ ഗസയുൾപ്പടെയുള്ള മേഖലകളിൽ നിന്നുള്ള അഭയാർഥികളെ അമേരിക്കയിൽ നിന്ന് കുടിയൊഴിപ്പിക്കും. പ്രതിഷേധത്തിനിടയിൽ സർക്കാർ മുതലുകൾ നശിപ്പിക്കുന്ന ഹമാസ് അനുകൂലികളെ അറസ്റ്റ് ചെയ്യും. ജൂതവിരുദ്ധത പ്രചരിപ്പിക്കുന്ന സർവകലാശാലകൾക്കുള്ള ധനസഹായവും അംഗീകാരവും റദ്ദാക്കുമെന്നും ട്രംപ് പറഞ്ഞു.