ബാല്യകാല സുഹൃത്തുക്കൾ ഏറെ നാളുകൾക്ക് ശേഷം ഒരു വേദിയിൽ ഒരുമിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും വിനോദ് കാംബ്ലിയുമാണ് പൊതുവേദിയിൽ കണ്ടുമുട്ടിയത്. ഇരുവരുടെയും ആദ്യ പരിശീലകനായ രമാകാന്ദ് രമാകാന്ത് അച്‌രേക്കറുടെ സ്മാരക അനാച്ഛാദനത്തിനെത്തിയപ്പോഴായിരുന്നു അപൂർവ കൂടികാഴ്ച.

സച്ചിൻ ടെണ്ടുൽക്കറുടെയും വിനോദ് കാംബ്ലിയുടെയും കരിയർ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച പരിശീലകനാണ് രമാകാന്ത് അച്‌രേക്കർ. ചടങ്ങിൽ സച്ചിൻ, എംഎൻഎസ് മേധാവി രാജ് താക്കറെ, മറ്റ് പ്രമുഖർ എന്നിവർ പങ്കെടുത്തു, രണ്ട് സുഹൃത്തുക്കളുടെ ഒത്തുചേരലിനും വേദി സാക്ഷിയായി.

സച്ചിനെ കണ്ടുമുട്ടുമ്പോൾ കാംബ്ലി തീരെ അവശനായിരുന്നു. ഒന്ന് എഴുന്നേൽക്കാനോ സച്ചിനെ ഒന്ന് ആലിം​ഗനം ചെയ്യാനോ സാധിക്കാത്ത നിലയിലായിരുന്നു കാംബ്ലിയുടെ ആരോ​ഗ്യം. നേരത്തെ താരത്തിന്റെ ഒരു വീഡിയോ മദ്യപിച്ച് ലക്കുകെട്ട് കാംബ്ലി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കാംബ്ലിയെ ആരോ​ഗ്യപ്രശ്നങ്ങൾ അലട്ടാൻ തുടങ്ങിയിട്ട് കാലങ്ങളായി. 2013ൽ ഹൃദയാഘാതമുണ്ടായ താരം ആൻജിയോ പ്ലാസ്റ്റിക് വിധേയനായിരുന്നു.