ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാരിനായി കോടതിയില്‍ ഹാജരാകുന്ന വനിതാ അഭിഭാഷകര്‍ക്ക് ബലാത്സംഗ ഭീഷണി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. തന്റെ ചേംബറിലുള്ള വനിതാ അഭിഭാഷകര്‍ ബലാത്സംഗ ഭീഷണിയും ആസിഡ് ആക്രമണ ഭീഷണിയും നേരിട്ടതായി കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ആര്‍ജി കര്‍ ബലാത്സംഗക്കൊലക്കേസില്‍ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത് കപില്‍ സിബലും അദ്ദേഹത്തിന്റെ ചേംബറിലെ അഭിഭാഷകരുമാണ്.

കൊല്‍ക്കത്ത ബലാത്സംഗക്കൊലക്കേസ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്ന് പരിഗണനയ്‌ക്കെടുത്തിരുന്നു. ഇതിനിടെയാണ് തന്റെ ചേംബറിലെ വനിതാ അഭിഭാഷകയുടെ സുരക്ഷ സംബന്ധിച്ച് കപില്‍ സിബല്‍ ആശങ്ക പ്രകടിപ്പിച്ചത്. അതേസമയം, സ്ത്രീയോ, പരുരുഷനോ ആര്‍ക്കെതിരെയും ഇത്തരത്തിലുള്ള ഭീഷണി ഉയര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി മറുപടി നല്‍കി. കേസിന്റെ തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്ന് കപില്‍ സിബല്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കപില്‍ സിബലിന്റെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. പൊതുജന താത്പര്യമുള്ള വിഷയമാണിതെന്നും തത്സമയസംപ്രേഷണം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.