ബെംഗളൂരു: കർണാടകത്തിലെ രാമനഗര ജില്ലയുടെ പേര് മാറ്റത്തിന് അംഗീകാരം നൽകി സംസ്ഥാന സർക്കാർ. രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനാണ് സർക്കാർ തീരുമാനം. രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതായി നിയമ, പാർലമെൻ്ററികാര്യ മന്ത്രി എച്ച്കെ പാട്ടീൽ അറിയിച്ചു.

വെള്ളിയാഴ്ച നടന്ന കർണാടക മന്ത്രിസഭാ യോഗമാണ് പേര് മാറ്റത്തിന് അംഗീകാരം നൽകിയത്. രാമനഗര നിവാസികളുടെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും ആവശ്യപ്രകാരമാണ് പേര് മാറ്റത്തിന് അംഗീകാരം നൽകിയതെന്ന് മന്ത്രി എച്ച്കെ പാട്ടീൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബെംഗളൂരു എന്ന ബ്രാൻഡ് മനസ്സിൽ വെച്ച് രാമനഗരയിലെ നിയമസഭാംഗങ്ങൾ സമർപ്പിച്ച നിർദേശം മന്ത്രിസഭ അംഗീകരിച്ചു. മാറ്റം ജില്ലയുടെ പേരിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ജില്ലയ്ക്കുള്ളിലെ താലൂക്കുകളെ ബാധിക്കില്ല. ജില്ലയുടെ പേരിനെ മാത്രം ബാധിക്കുന്ന മാറ്റം സംബന്ധിച്ച അറിയിപ്പ് റവന്യു വകുപ്പ് പുറത്തിറക്കുമെന്നും മന്ത്രി എച്ച്കെ പാട്ടീൽ പറഞ്ഞു.

രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കണമെന്ന ആവശ്യം കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ കഴിഞ്ഞ വ‍ർഷം ഒക്ടോബറിൽ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ സർക്കാർ നീക്കം വികസനം കൊണ്ടുവരില്ലെന്നും റിയൽ എസ്റ്റേറ്റ് പെരുപ്പിക്കാനാണ് സർക്കാർ ഉദ്ദേശ്യമെന്നും ബിജെപിയും ജെഡിഎസും വിമർശിച്ചിരുന്നു. രാമനഗര ജില്ലയുടെ പേര് മാറ്റിയാൽ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു.

ബെംഗളൂരു നഗരത്തിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് രാമനഗര സ്ഥിതിചെയ്യുന്നത്. രാമനഗര, മഗഡി, കനകപുര, ചന്നപട്ടണ, ഹരോഹള്ളി എന്നീ താലൂക്കുകൾ ഉൾപ്പെടുന്നതായിരുന്നു രാമനഗര ജില്ല. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ ജന്മനാടാണ് രാമനഗര. ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയാണ് ഡികെ ശിവകുമാർ. കൂടാതെ, നിലവിൽ കേന്ദ്രമന്ത്രിയായ എച്ച്ഡി കുമാരസ്വാമിയുടെ തട്ടകം കൂടിയാണ് രാമനഗര. ജില്ലയിലെ രാമനഗര, ചന്നപട്ടണം എന്നീ നിയമസഭാ സീറ്റുകളിൽനിന്ന് കുമാരസ്വാമി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.