ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹിന്ദുത്വ രാഷ്ട്രീ നീക്കവുമായി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ പ്രമുഖ സന്യാസിമഠാധിപന്‍മാരെ ഉള്‍ക്കൊള്ളിച്ച് അരവിന്ദ് കെജ്‌രിവാള്‍ ‘സനാതന്‍ സേവാ സമിതി’ രൂപീകരിച്ചു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് വെറും ഒരു മാസം മാത്രം ബാക്കിനില്‍ക്കേയാണ് കെജ്‌രിവാളിന്റെ നീക്കം. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി ഓഫീസിന് മുന്നില്‍ ക്രമീകരിച്ച വേദിയില്‍ വിവിധ ക്ഷേത്രങ്ങളിലെ പൂജാരികള്‍ക്കും സ്വാമിമാര്‍ക്കും ഒപ്പം വേദി പങ്കിട്ടുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം.

ബിജെപിയുടെ ഹിന്ദുത്വ രാഷ്ടീയത്തിന് ബദലയാണ് ആപ്പിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. സനാതന ധര്‍മത്തിനായി സന്യാസിമാര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുവെന്നും ഇവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ക്ഷേത്രങ്ങളിലെ പൂജാരികള്‍ക്ക് ആം ആദ്മി മാസം 18000 രൂപ ഓണറേറിയം പ്രഖ്യാപിച്ചിട്ടുണ്ട് എന്നും തിരഞ്ഞെടുപ്പിന് ശേഷം ഈ സര്‍ക്കാര്‍ തന്നെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കുമെന്നും കെജ്‌രിവാള്‍ ഉറപ്പ് നല്‍കി.