അവസാന നിമിഷങ്ങളിൽ തീർത്തും നാടകീയമായി മാറിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പഞ്ചാബ് എഫ്സി കേരള ബ്ലാ‌സ്റ്റേഴ്‌സിനെ തോൽപ്പിച്ചത്. ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. ഗോൾരഹിത സമനിലയിലേക്കു നീങ്ങിയ മത്സരത്തിൽ അവസാന 10 മിനിറ്റിനിടെ പിറന്ന മൂന്നു ഗോളുകളാണ് മത്സരത്തിന്റെ വിധിയെഴുതിയത്.

നിശ്ചിത സമയത്തിന്റെ അവസാന നാലു മിനിറ്റിലും അഞ്ച് മിനിറ്റ് ഇൻജറി ടൈമിലുമായാണ് ഗോളുകൾ പിറന്നത്. പഞ്ചാബ് എഫ്‌സിക്കായി പകരക്കാരൻ താരം ലൂക്ക മയ്സെൻ (86-ാം മിനിറ്റിൽ പെനൽറ്റി), ഫിലിപ് മിർലാക് (90+5) എന്നിവർ ഗോൾ നേടി. കേരള ബ്ലാ‌സ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ 90+2-ാം മിനിറ്റിൽ സ്പ‌ാനിഷ് താരം ഹെസൂസ്‌ ഹിമെനെ നേടി.