ബലാത്സംഗക്കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അപ്പീല്‍ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘം പ്രോസിക്യൂഷന് കത്ത് നല്‍കുകയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തിയിരുന്നു. എന്നാല്‍ ഈ കത്തില്‍ നടപടിയുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. പ്രത്യേക അന്വേഷണസംഘം ഇന്ന് കൊച്ചിയില്‍ യോഗം ചേരാനിരിക്കെയാണ് അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനം.
പ്രത്യേക അന്വേഷണംസംഘം നല്‍കിയ കത്ത് മടക്കാനാണ് പ്രോസിക്യൂഷന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അന്വേഷണവുമായി സഹകരിക്കണം, കേരളം വിടരുത് തുടങ്ങിയ ഉപാധികള്‍ മുന്നോട്ടുവച്ചുകൊണ്ടാണ് സെഷന്‍സ് കോടതി മുകേഷിന് ജാമ്യം അനുവദിച്ചത്. സാധാരണ ഗതിയില്‍ സെഷന്‍സ് കോടതി ഇത്തരത്തില്‍ ജാമ്യം നല്‍കിയാലും ഹൈക്കോടതിയെ സമീപിക്കുകയെന്നതാണ് കീഴ്‌വഴക്കം.
എറണാകുളം സെഷൻസ് കോടതിയാണ് മുകേഷിന് ജാമ്യം അനുവദിച്ചിരുന്നത്. കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് മുകേഷിന് ജാമ്യം ലഭിച്ചത്. ബലാത്സംഗം ചെയ്തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നായിരുന്നു മുകേഷിന്‍റെ വാദം. 15 വർഷങ്ങൾക്കുശേഷം പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നു എന്നും ബ്ലാക്ക് മെയിൽ ശ്രമം നടത്തിയെന്നും മുകേഷ് പറഞ്ഞിരുന്നു. പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകള്‍ കോടതിയില്‍ കൈമാറിയെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.