മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. തിരുവനന്തപുരത്ത് വി.എസിന്റെ വസതിയിലെത്തിയായിരുന്നു സന്ദർശനം. ഗവർണറായി എത്തുമ്പോൾ അദ്ദേഹത്തെയും കുടുംബത്തെയും സന്ദർശിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന് ആർലേക്കർ പറഞ്ഞു.
തന്‍റെ കോളേജ് പഠനകാലം മുതൽ വി.എസിനെ കുറിച്ച് കേട്ടിട്ടുണ്ടെന്നും മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഗവർണർ സന്ദർശനശേഷം മാധ്യമങ്ങളോട് പറഞ്ഞു.
‘ഗവർണറായി എത്തിയപ്പോൾ അദ്ദേഹത്തെ നിർബന്ധമായും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഭാഗ്യവശാൽ അദ്ദേഹത്തേയും കുടുംബത്തേയും കാണാനും സംസാരിക്കാനും സാധിച്ചു. അനാരോഗ്യംകൊണ്ട് വി.എസിന് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹവുമായി ആശയവിനിമയം നടത്താനായി. അദ്ദേഹം ആരോഗ്യവാനായിരിക്കാൻ ഞാൻ പ്രാർഥിക്കുന്നു’, ആർലേക്കർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാര്യ കമലയും ഒന്നിച്ച് രാജ്ഭവനില്‍ എത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടത്. രാജ് ഭവനില്‍ പ്രഭാത നടത്തത്തിന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തിരുന്നു. കൂടാതെ സിപിഎം മുഖപത്രത്തിൽ ആർലേക്കറെ പുകഴ്ത്തി എം വി ഗോവിന്ദൻ ലേഖനം എഴുതിയിരുന്നു . ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യം വയ്ക്കുന്ന നവകേരള നിര്‍മാണത്തില്‍ ഊന്നല്‍ നല്‍കിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് കഴിഞ്ഞ 17ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നടത്തിയതെന്ന് ലേഖനത്തില്‍ പറയുന്നു.