ജോലിക്ക് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ്. വെബ് സൈറ്റില്‍ നിന്ന് അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന തട്ടിപ്പുകാര്‍ ഇവരെ ബന്ധപ്പെടുകയും തൊഴില്‍ നല്‍കാമെന്ന പേരില്‍ പ്രാഥമിക പരീക്ഷ നടത്തുകയും ചെയ്യുന്നു. തുടര്‍ന്ന് ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടതായി അറിയിക്കും. നിയമന ഉത്തരവ് ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ അയച്ചു നല്‍കി അവരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

ജോലിയില്‍ പ്രവേശിക്കുന്നതിനായി ഒരു നിശ്ചിത കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണെന്ന് അറിയിക്കുന്നതാണ് അടുത്തഘട്ടം. അതിനായി തട്ടിപ്പുകാര്‍ നല്‍കുന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിച്ച് സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി നേടാന്‍ പറയുന്നു. ചതിക്കുഴി മനസ്സിലാക്കാതെ ഉദ്യോഗാര്‍ത്ഥികള്‍ വ്യാജ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും അതില്‍ ആവശ്യപ്പെടുന്ന തുക സര്‍ട്ടിഫിക്കറ്റ് ഫീസായി നല്‍കുകയും ചെയ്യുന്നു. ഇതോടെ ഉദ്യോഗാര്‍ത്ഥികളുടെ പണം തട്ടിപ്പുകാര്‍ കൈക്കലാക്കുകയാണെന്നും കേരള പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

കേരള പോലീസിന്റെ കുറിപ്പ് ഇങ്ങനെ

പ്രമുഖ തൊഴില്‍ദാതാക്കളുടെ വെബ്‌സൈറ്റുകള്‍ വഴി ജോലിക്ക് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. വെബ് സൈറ്റില്‍ നിന്ന് അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന തട്ടിപ്പുകാര്‍ ഇവരെ ബന്ധപ്പെടുകയും തൊഴില്‍ നല്‍കാമെന്ന പേരില്‍ പ്രാഥമിക പരീക്ഷ നടത്തുകയും ചെയ്യുന്നു. തുടര്‍ന്ന് ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ടതായി അറിയിക്കും. നിയമന ഉത്തരവ് ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ അയച്ചു നല്‍കി അവരെ വിശ്വസിപ്പിക്കുകയും ചെയ്യും.

ജോലിയില്‍ പ്രവേശിക്കുന്നതിനായി ഒരു നിശ്ചിത കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണെന്ന് അറിയിക്കുന്നതാണ് അടുത്തഘട്ടം. അതിനായി തട്ടിപ്പുകാര്‍ നല്‍കുന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിച്ച് സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി നേടാന്‍ പറയുന്നു. ചതിക്കുഴി മനസ്സിലാക്കാതെ ഉദ്യോഗാര്‍ത്ഥികള്‍ വ്യാജ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും അതില്‍ ആവശ്യപ്പെടുന്ന തുക സര്‍ട്ടിഫിക്കറ്റ് ഫീസായി നല്‍കുകയും ചെയ്യുന്നു. ഇതോടെ ഉദ്യോഗാര്‍ത്ഥികളുടെ പണം തട്ടിപ്പുകാര്‍ കൈക്കലാക്കി കഴിഞ്ഞു.

തുടര്‍ന്ന് തൊഴില്‍ ദാതാക്കളുമായി ബന്ധപ്പെടാന്‍ കഴിയാതെവരുമ്പോള്‍ മാത്രമാണ് തട്ടിപ്പിനിരയായ കാര്യം മനസ്സിലാകുന്നത്. ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ അതീവജാഗ്രത പുലര്‍ത്തണം. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1930 എന്ന നമ്പറില്‍ വിളിച്ചോ സൈബര്‍ പോര്‍ട്ടല്‍ മുഖേനയോ പരാതിപ്പെടാവുന്നതാണ്.