പ്രളയത്തില്‍ ആയിരത്തിലധികം പേര് മരിച്ചതിന് പിന്നാലെ ഉത്തര കൊറിയയില്‍ 30 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് സര്‍ക്കാര്‍. മരണം തടയാനാകാത്തതിന്റെ പേരിലാണ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നാണ് ഇവര്‍ക്ക് വധശിക്ഷ നല്കാന് ഉത്തരവിട്ടതെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൃത്യമായ സമയത്ത് നടപടികള്‍ എടുത്തിരുന്നെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നുവെന്നായിരുന്നു ഉത്തര കൊറിയന്‍ അധികൃതരുടെ നിലപാട്. വീഴ്ച വരുത്തിയവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും ഇവര്‍ അറിയിച്ചിരുന്നതായി ദക്ഷിണ കൊറിയയിലെ ചോസുന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.
ചൈനീസ് അതിര്‍ത്തിയോടുചേര്‍ന്ന ഛഗാങ് പ്രവിശ്യയില്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ആയിരത്തിലധികം പേര് മരിച്ചുവെന്നും നിരവധിപ്പേര്‍ക്ക് പരുക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. അതേസമയം, കഴിഞ്ഞ മാസം തന്നെ ശിക്ഷ നടപ്പാക്കിയെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളിലെ 20-30 ഉദ്യോഗസ്ഥരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.