കൊച്ചി: പാലക്കാട് ജില്ലയിൽ കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറി. 2021 നവംബറിലാണ് പദ്ധതിക്കായി ആദ്യ ഭൂമി രജിസ്റ്റർ ചെയ്യുന്നത്. വളരെ പെട്ടെന്നുതന്നെ ഭൂമി ഏറ്റെടുക്കൽ കിൻഫ്ര പൂർത്തിയാക്കി. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 1789.92 കോടി രൂപ സംസ്ഥാനം വഹിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു.
ഒക്ടോബറിൽ പദ്ധതിപ്രദേശം സന്ദർശിച്ച കേന്ദ്രസംഘം സംസ്ഥാന സർക്കാരിന്റെ നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. പദ്ധതി പൂർത്തിയാകുമ്പോൾ പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലവസരവും ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
പദ്ധതിക്കാവശ്യമായ 1710 ഏക്കർ ഭൂമിയും സംസ്ഥാനം ഏറ്റെടുത്തതിന് ശേഷം കേന്ദ്രാനുമതി ലഭിക്കാൻ നിരവധി തവണ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയെന്ന നിലയിൽ ഞാനും യൂണിയൻ മിനിസ്റ്റർമാരുമായി കൂടിക്കാഴ്ച നടത്തി. 2024 ആഗസ്ത് മാസം അവസാനമാണ് കേന്ദ്രാനുമതി ലഭിക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ പദ്ധതി അതിവേഗം നടപ്പിലാക്കുന്നതിനായി ടാസ്ക് ഫോഴ്സ് രൂപീകരിച്ചെന്ന് പി രാജീവ് പറഞ്ഞു.
സെപ്തംബർ മാസത്തിൽ ഒരിക്കൽ കൂടി പദ്ധതിപ്രദേശം സന്ദർശിച്ചു. ഒക്ടോബർ മാസത്തിൽ പദ്ധതിപ്രദേശം സന്ദർശിച്ച കേന്ദ്രസംഘം സംസ്ഥാന സർക്കാരിന്റെ നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തി. ഡിസംബർ മാസത്തിൽ നമ്മൾ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് 105.26 ഏക്കർ ഭൂമി കൈമാറുകയും ചെയ്തു.