കൊൽക്കത്ത: കൊൽക്കത്തയിൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള ആർജി കർ ആശുപത്രിയിലെ ട്രെയിനി വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ സഞ്ജയ് റോയി (33) ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 50,000 രൂപ പിഴയും. സിയാൽദ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി അനിർബൻ ദാസ് ആണ് ശിക്ഷ വിധിച്ചത്. വിധിപ്രസ്താവത്തിൻ്റെ പശ്ചാത്തലത്തിൽ സിയാൽദയിലെ കോടതി പരിസരത്ത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
കേസ് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് കോടതി നിരീക്ഷിച്ചു. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് പശ്ചിമ ബംഗാൾ സർക്കാർ 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. എന്നാൽ കോടതിമുറിക്കുള്ളിൽ ഉണ്ടായിരുന്ന മാതാപിതാക്കൾ, തങ്ങൾക്ക് നഷ്ടപരിഹാരത്തുക ആവശ്യമില്ലെന്നും നീതിയാണ് വേണ്ടതെന്നും പറഞ്ഞു. നിയമപ്രകാരമാണ് നഷ്ടപരിഹാരം നൽകാൻ താൻ ഉത്തരവിട്ടതെന്നും പണം എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമെന്നും ജഡ്ജി മറുപടി നൽകി.
പ്രതിക്കെതിരെ ചുമത്തിയിരുന്ന ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ തെളിഞ്ഞതായി ഇക്കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷാവിധി പറയാനായി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ശിക്ഷാവിധി പ്രസ്താവിക്കുന്നതിന് മുൻപ് കോടതി പ്രതിഭാഗത്തിൻ്റെ വാദം കേട്ടു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും തന്നെ കുടുക്കിയതാണെന്നും പ്രതി ആവർത്തിച്ചു. എന്നാൽ കോടതിക്ക് മുന്നിൽ തെളിവുകളുണ്ടെന്നും കുറ്റം തെളിഞ്ഞുവെന്നും ജസ്റ്റിസ് അനിർബൻ ദാസ് വ്യക്തമാക്കി.