ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ സെഞ്ചുറിയുടെ (പുറത്താവാതെ 54 പന്തിൽ 105 റൺസ്) കരുത്തിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം ചൂടി. ലീ​ഗിലെ തന്റെ രണ്ടാം സെഞ്ചുറിയിലൂടെ സച്ചിൻ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 

ഫൈനലിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 213 റൺസ് 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് മറികടന്നത്. സ്കോർ: കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ് 213/6. ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് 214/4 (19.1). ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണെടുത്തത്.

ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ (26 പന്തിൽ 51), അഖില്‍ സ്‌കറിയ (30 പന്തിൽ 50) വിക്കറ്റ് കീപ്പര്‍ എം അജിനാസ് (24 പന്തിൽ 56) എന്നിവരുടെ അർധസെഞ്ചുറികളാണ് ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. കൊല്ലം സെയ്‌ലേഴ്‌സിനായി അമല്‍ എ ജി, സുധേഷന്‍ മിഥുന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പവന്‍ രാജ്, ബാസില്‍ എന്‍ പി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.