തിരുവോണ ദിവസം കൊല്ലം മൈനാഗപ്പള്ളിക്ക് സമീപം ആനൂർകാവിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ സ്ഥിരം മദ്യപാനികളെന്ന് കണ്ടെത്തൽ. കോയമ്പത്തൂരിൽനിന്ന് മെഡിക്കൽ പഠനം പൂർത്തിയാക്കിയ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനിയായ ഡോ. ശ്രീക്കുട്ടി വിവാഹമോചിതയായതിന് ശേഷമാണ് അജ്മലിനെ പരിചയപ്പെടുന്നത്. കരുനാഗപ്പള്ളിയിലെ ആശുപത്രിയിലെ പ്രാക്ടീസിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം വളരുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപത്തെ വാടക വീട്ടിലായിരുന്നു ശ്രീക്കുട്ടിയുടെ താമസം. ഈ വീട്ടിൽ സ്ഥിരം മദ്യപാനം നടക്കാറുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. അപകടം നടന്ന തിരുവോണ ദിവസം മറ്റൊരു സുഹൃത്തിൻ്റെ വീട്ടിൽനിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. അപകടമുണ്ടായ സമയത്ത് അജ്മൽ ഡ്രൈവിങ് സീറ്റിലും ശ്രീക്കുട്ടി പിന്നിലെ സീറ്റിലുമായിരുന്നുവെന്നാണ് പറയുന്നത്.
എന്നാൽ അജ്മലിന് പിന്നാലെ, ശ്രീക്കുട്ടിയ്ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. കേസെടുത്തതിന് പിന്നാലെ ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രി അധികൃതർ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. അജ്മലും സ്ഥിരം കുറ്റവാളിയായിരുന്നെന്ന് പോലീസ് പറയുന്നു. ക്രിമിനൽ കേസുകളിൽ അടക്കം പ്രതിയായിരുന്നെങ്കിലും ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് അപകടമുണ്ടാക്കിയത്. മനഃപൂർവമായ നരഹത്യ ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് അജ്മലിനെതിരെ ചുമത്തിയത്.