ഭാരം കുറയ്ക്കാനായി നിരവധി വഴികൾ പരീക്ഷിക്കുന്നവരുണ്ട്. അത്തരത്തിൽ വിജയകരമായി ഭാരം കുറച്ചവരുടെ വാർത്തകളും ശ്രദ്ധ നേടാറുണ്ട്. ദക്ഷിണകൊറിയൻ മോഡൽ ഷെറിയാണ് ഇപ്പോൾ അത്തരത്തിൽ വാർത്തകളിൽ ഇടം നേടുന്നത്. വെറും ആറ് ദിവസം കൊണ്ടാണ് ഷെറി 4 കിലോ ഭാരം കുറച്ചത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവർ ഇക്കാര്യം പറയുന്നത്.

ഈയൊരു പ്രത്യേക ഡയറ്റിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അവരുടെ അനുഭവമാണ് പങ്കുവെയ്ക്കുന്നതെന്നും വീഡിയോയിൽ പറയുന്നു. സ്വിച്ച് ഓൺ ഡയറ്റ് എന്ന് രീതിയാണ് അവർ പിന്തുടർന്നതെന്നും ഡോ പാർക്ക് യോങ്ങ് വൂ വികസിപ്പിച്ചെടുത്ത നാല് ആഴ്ച്ച മെറ്റബോളിക്ക് റിസെറ്റ് പ്രോഗ്രാമാണിതെന്നും ഷെറി പറയുന്നു.

കൊറിയയിൽ ഈ ഡയറ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ശരീരത്തിലെ കൊഴുപ്പ് എരിക്കാനും പേശികളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്തതെന്ന് വിദ​ഗ്ധർ പറയുന്നു. ഇടവിട്ടുള്ള ഉപവാസം, ശുദ്ധമായ ഭക്ഷണം, കുടലിന്റെ ആരോഗ്യം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് ഈ ഡയറ്റിന്റെ രീതി. നാല് ആഴ്ച നീണ്ടു നിൽക്കുന്ന ഡയറ്റ് രീതിയാണിത്.

അമിതമായ കലോറി കുറയ്ക്കലിന് പകരം കൊഴുപ്പ് കുറയ്ക്കൽ പരമാവധി വർധിപ്പിക്കുക, കുറഞ്ഞ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണവും കൂടുതൽ ഉപവാസ ദിനങ്ങളും സ്വീകരിക്കുക എന്നിവയൊക്കെയാണ് ഈ ഡയറ്റിന്റെ പ്രത്യേകത. സ്വിച്ച് ഓൺ ഡയറ്റിൽ അനുവദനീയമായ ഭക്ഷണങ്ങളുടെ വിവരങ്ങളും ഷെറി പങ്കുവെച്ചിട്ടുണ്ട്.