കോഴിക്കോട് രൂപതയെ മെത്രാപ്പോലീത്തൻ അതിരൂപതയായും പ്രഥമ ആർച്ചുബിഷപ്പായി ബിഷപ്പ് വർഗീസ് ചക്കാലയ്ക്കലിനെയും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ ഉള്‍പ്പെടുന്നതായിരിക്കും കോഴിക്കോട് അതിരൂപത. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും രൂപതാ ആസ്ഥാനത്തും നടന്നു. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് പ്രഖ്യാപനം നടത്തിയത്. തലശേരി രൂപത ബിഷപ് ജോസഫ് പാംപ്ലാനി വത്തിക്കാനിൽ നിന്നുള്ള  മാർപാപ്പയുടെ പ്രഖ്യാപനം വായിച്ചു. കണ്ണൂർ രൂപതാ ബിഷപ് അലക്‌സ് വടക്കുംതല മാർപാപ്പയുടെ സന്ദേശത്തിന്റെ മലയാള പരിഭാഷ വായിച്ചു.

ഇതോടെ മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായി മാറുകയാണ് കോഴിക്കോട് അതിരൂപത. 
സുൽത്താൻ പേട്ട്, കണ്ണൂർ എന്നീ രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ വരുന്നത്. 102 വർഷം പിന്നിടുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയാവുന്നത്. ഇതോടെ ലത്തീൻ സഭക്ക് മൂന്ന് അതിരൂപതകളായി. വരാപ്പുഴ, തിരുവനന്തപുരം എന്നിവയായാണ് മറ്റ്‌ ലത്തീൻ അതിരൂപതകൾ.

1953-ല്‍ കോട്ടപ്പുറം രൂപതയിലെ മാളപ്പള്ളിപുരത്ത് ജനിച്ച ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കൽ മാളയിലും മംഗലാപുരത്തുമായി പഠനം നടത്തി. 1981ൽ പൗരോഹിത്യം സ്വീകരിച്ചു. 1998 ൽ കണ്ണൂരിലെ ആദ്യത്തെ ബിഷപ്പായി സ്ഥാനമേറ്റു. 2012 ൽ കോഴിക്കോടു രൂപതാധ്യക്ഷനായി നിയമിതനായി. കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെ സി ബി സി), ഇന്ത്യൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (സി സി ബി ഐ) എന്നിവയുടെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ചിരുന്ന ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കൽ നിലവിൽ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെ ആർ എൽ സി ബി സി) അധ്യക്ഷന്‍ കൂടിയാണ്.