ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഭാര്യ കെ കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ തസ്തികയില്‍ നിയമനം നല്‍കും. ഇതു സംബന്ധിച്ച ഉത്തരവ് (ജി.ഒ നമ്ബര്‍ 169/2024 സഹകരണം 29-8-2024) സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി എന്‍ വാസവന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പില്‍ വരുത്തുന്നതിനായി നിയമത്തില്‍ ഇളവുകള്‍ നല്‍കി പരിഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. സാധാരണക്കാര്‍ക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ഗംഗാവലി പുഴയില്‍ അര്‍ജുനും ലോറിക്കുമായി ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ പുനരാരംഭിക്കും. അടുത്തയാഴ്ച ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടങ്ങാനാണ് സാധ്യത. തിരച്ചില്‍ തുടരാന്‍ ഉത്തരകന്നഡ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയതായാണ് പുറത്തുവരുന്ന വിവരം. ജൂലൈ 16 നുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തില്‍ 11പേര്‍ മരിച്ചിരുന്നു.