ലോസ് ആഞ്ചലസ്: പ്രശസ്ത സംഗീതജ്ഞനും ഹോളിവുഡ് നടനുമായ ക്രിസ് ക്രിസ്റ്റോഫേഴ്സൺ(88) അന്തരിച്ചു. ഹവായിയിലെ മൗയിയിലെ വീട്ടിലായിരുന്നു അന്ത്യം. മരണസമയം കുടുംബാംഗങ്ങൾ സമീപത്തുണ്ടായിരുന്നു.
എയർഫോഴ്സ് ജനറലിന്റെ മകനായി ജനിച്ച ക്രിസ് 1960കളിൽ സൈന്യത്തിൽ സേവനം അനുഷ്ഠിച്ചു. സൺഡേ മോണിൻ കമിംഗ് ഡൗൺ, ഹെൽപ് മി മേക്ക് ഇറ്റ് ത്രൂ ദ നൈറ്റ്, ഫോർ ദ ഗുഡ് ടൈംസ് തുടങ്ങിയ ഗാനങ്ങൾ രചിച്ചു. ഗായകനായും അദ്ദേഹം ശ്രദ്ധ നേടി.
1971ൽ ഡെന്നിസ് ഹോപ്പറിന്റെ ദ ലാസ്റ്റ് മൂവി എന്ന ചിത്രത്തിലാണ് ക്രിസ്റ്റോഫേഴ്സന്റെ ആദ്യമായി വേഷമിടുന്നത്. സംവിധായകൻ മാർട്ടിൻ സ്കോർസെസിയുടെ 1974ൽ പുറത്തിറങ്ങിയ ആലിസ് ഡസ് നോട്ട് ലിവ് ഹിയർ എനിമോർ, 1976ലെ എ സ്റ്റാർ ഈസ് ബോൺ, 1998ൽ മാർവലിന്റെ ബ്ലേഡ് എന്ന സിനിമകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.