ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സംഗമങ്ങളിലൊന്നായ മഹാ കുംഭമേള പ്രയാഗ്‌രാജിൽ ഭക്തിയുടെ നിറവിൽ തുടരുന്നു. മകരസംക്രാന്തി ദിനത്തിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യാൻ 3.5 കോടി ഭക്തരാണ് എത്തിച്ചേർന്നത്. തണുപ്പിനെ അവഗണിച്ചുകൊണ്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നുപോലും വിശ്വാസികൾ പ്രഭാതത്തിനു മുൻപേ സംഗമ തീരത്ത് എത്തിച്ചേർന്നു. ഗംഗ, യമുന, സരസ്വതി എന്നീ പുണ്യനദികളുടെ സംഗമസ്ഥാനത്ത് ഒരേസമയം ലക്ഷക്കണക്കിന് ആളുകളാണ് മുങ്ങി നിവർന്നത്.
മകരസംക്രാന്തിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു നാഗസാധുക്കളുടെയും വിവിധ അഖാരകളിലെ സന്യാസിമാരുടെയും വിശേഷാൽ സ്നാനം. കുന്തങ്ങളും, ത്രിശൂലങ്ങളും, വാളുകളും ധരിച്ചെത്തിയ നാഗസാധുക്കൾ കുതിരപ്പുറത്തും രഥങ്ങളിലും ഗംഭീരമായ ഘോഷയാത്രയോടെയാണ് സംഗമത്തിലെത്തിയത്. പഞ്ചായത് നിരാവണി അഖാരയിലെ നാഗസാധുക്കളാണ് ആദ്യം സ്നാനം ചെയ്തത്. തുടർന്ന് മറ്റ് അഖാരകളിലെ സന്യാസിമാരും പുണ്യസ്നാനം നടത്തി.
കുംഭമേളയുടെയുടെ ആദ്യദിനമായ തിങ്കളാഴ്ച ഏകദേശം 60 ലക്ഷത്തിലധികം പേർ സംഗമത്തിൽ സ്നാനം ചെയ്തു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മകര സംക്രാന്തി ദിനത്തിൽ അത് മൂന്നര കോടിയായി ഉയർന്നു. ‘ഹർ ഹർ മഹാദേവ്’, ‘ജയ് ശ്രീ റാം’ തുടങ്ങിയ മന്ത്രങ്ങളാൽ 12 കിലോമീറ്റർ നീളമുള്ള സ്നാനഘട്ടങ്ങൾ മുഖരിതമായിരുന്നു. വിശ്വാസികൾ പുണ്യനദികളായി കണക്കാക്കപ്പെടുന്ന ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ സംഗമ സ്ഥാനത്ത് മുങ്ങി നിവരുന്നത് മഹാ കുംഭമേളയിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ്.
കുംഭമേളയുടെ സുരക്ഷയ്ക്കായി വിപുലമായ ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. എല്ലാ റോഡുകളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങൾ കർശനമായ പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്. ഡിഐജി (കുംഭമേള) വൈഭവ് കൃഷ്ണയുടെയും സീനിയർ പോലീസ് സൂപ്രണ്ട് രാജേഷ് ദ്വിവേദിയുടെയും നേതൃത്വത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ പരിസരത്ത് പട്രോളിംഗ് നടത്തി.
അഖാര സാധുക്കൾക്ക് സ്നാനത്തിനായി വഴി ഒരുക്കുന്നതിലും സുരക്ഷാ ഉദ്യോഗസ്ഥർ പ്രധാന പങ്കുവഹിച്ചു. 12 വർഷം കൂടുമ്പോൾ നടക്കുന്ന കുംഭമേളയിൽ 40 കോടിയിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10,000 ഏക്കറിലാണ് മഹാ കുംഭ നഗർ എന്ന താത്കാലിക നഗരം ഒരുക്കിയിരിക്കുന്നത്. ഒരേസമയം ഒരു കോടിവരെ ആളുകൾക്ക് ഇവിടെ താമസിക്കാനുള്ള സൗകര്യങ്ങൾ ഉണ്ട്.