കുവൈറ്റ് സിറ്റി: കുവൈറ്റിന്‍റെ വിധ ഭാഗങ്ങളില്‍ നടത്തിയ റെയിഡുകളില്‍ വന്‍ തോതില്‍ മയക്കുമരുന്നും മദ്യവും ലഹരി ഗുളികകളും പിടികൂടി. വിവിധ ഇടങ്ങളില്‍ നിന്നായി 19 പേരെ അറസ്റ്റിലാവുകയും ചെയ്തു. 15 കിലോഗ്രാം മയക്കുമരുന്ന്, 10,000 സൈക്കോട്രോപിക് ഗുളികകള്‍, 30 കുപ്പി ലഹരി പാനീയങ്ങള്‍, വെടിക്കോപ്പുകളോടുകൂടിയ ലൈസന്‍സില്ലാത്ത നാല് തോക്കുകള്‍ എന്നിവ റെയിഡുകളില്‍ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിവിധ സുരക്ഷാ, അന്വേഷണ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനുകള്‍ക്കിടയിലാണ് ഇത്രയും സാധനങ്ങള്‍ പിടികൂടിയത്. വിവിധ രാജ്യക്കാരായ 19 പേരില്‍ നിന്നാണ് ഇവ പിടിച്ചെടുത്തതെന്നും ഇവരെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള, മയക്കുമരുന്ന് വിരുദ്ധ പൊതു വകുപ്പിന്‍റെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കള്‍ക്കും മയക്കുമരുന്നുകള്‍ക്കും എതിരായ സുരക്ഷാ ക്യാംപയിന്‍ സംഘടിപ്പിച്ചതെന്ന് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. രാജ്യത്ത് മയക്കുമരുന്ന് വിതരണം തടയുന്നതിനായി മയക്കുമരുന്ന് കടത്തുകാരെയും ഡീലര്‍മാരെയും ലക്ഷ്യമിട്ടാണ് പരിശോധനകള്‍.

തുടര്‍ നിയമനടപടികള്‍ക്കായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും ഡ്രഗ്‌സ് ആന്‍ഡ് ആല്‍ക്കഹോള്‍ പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തതായി മന്ത്രാലയം അറിയിച്ചു. ലഹരി വസ്തുക്കളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുക, രാജ്യത്തിന്‍റെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ മയക്കുമരുന്ന് ഇറക്കുമതി ചെയ്യാനോ വിതരണം ചെയ്യാനോ ശ്രമിക്കുന്ന ആരെയും പിടികൂടാനുള്ള ഈ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.