കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരന്‍മാര്‍ക്ക് ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30ന് അവസാനിച്ചതോടെ 35,000ത്തോളം പേരുടെ ബാങ്ക് അക്കൗണ്ട് സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്. ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്താത്തവരുടെ ബാങ്കിംഗ് സേവനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തിവയ്ക്കുമെന്ന് അധികൃതര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുംദിവസങ്ങളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നതോടൊപ്പം വിസ, ഐഡി പോലുള്ള സര്‍ക്കാര്‍ സേവനങ്ങളും നിര്‍ത്തിവയ്ക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
47,445 കുവൈറ്റ് പൗരന്മാര്‍ സെപ്റ്റംബര്‍ 30-ന് മുമ്പായി ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരുടെ ബാങ്കിംഗ് സേവനങ്ങളാണ് ഭാഗികമായി തടസ്സപ്പെട്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. അപൂര്‍ണ്ണമായ സിവില്‍ ഐഡിയും ബയോമെട്രിക് വിരലടയാളം രജിസ്‌ട്രേഷന്‍ ഇല്ലാത്തതും കാരണം തങ്ങളുടെ ബാങ്കിംഗ് ഇടപാടുകളും ഇ-സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി 35,000 ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് ലഭിച്ചതായി ബാങ്കിംഗ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സിവില്‍ ഐഡികള്‍ അപ്ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ ബാങ്കിംഗ് സേവനങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്.
9,28,684 കുവൈത്തികള്‍ ബയോമെട്രിക് വിരലടയാള പ്രക്രിയ പൂര്‍ത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നവര്‍ക്ക് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അതത് ഗവര്‍ണറേറ്റുകളിലെ ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ വകുപ്പിന് കീഴിലുള്ള വ്യക്തിഗത അന്വേഷണ വകുപ്പുകള്‍ സന്ദര്‍ശിക്കാം. ഇവിടെയെത്തി ബയോമെട്രിക് രജിസ്‌ട്രേഷന്‍ ചെയ്തുകഴിഞ്ഞാല്‍, സസ്പെന്‍ഷന്‍ സ്വയമേവ പിന്‍വലിക്കപ്പെടും. ഇതോടെ പൗരന്മാര്‍ക്ക് അവരുടെ സാധാരണ സര്‍ക്കാര്‍, ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കും.
ബയോമെട്രിക് ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കുവൈറ്റിലെ ബാങ്കിംഗ് സംവിധാനം കര്‍ശനമായ നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കുന്നത് ഇലക്ട്രോണിക്, ഡിജിറ്റല്‍ സേവനങ്ങളിലേക്കുള്ള പ്രവേശനവുമായി ബന്ധിപ്പിക്കുന്നതിലൂടെ, ഇടപാടുകളുടെ സുരക്ഷയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ബാങ്കുകളുടെ കണക്കുകൂട്ടല്‍. കൂടുതല്‍ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ ഉപഭോക്താക്കളോട് ബാങ്ക് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് പ്രവാസികള്‍ക്ക് ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് അനുവദിച്ചിരിക്കുന്ന സമയം. നിശ്ചിത സമയത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.