ലെബനനിലുണ്ടായ ബോംബാക്രമണത്തെ തുടർന്ന് മുസ്ലീം വംശജർക്ക് അഭയം നൽകുന്നതിനായി തെക്കൻ ലെബനനിലെ കത്തോലിക്കാ കുടുംബങ്ങൾ അവരുടെ വീടുകളുടെ വാതിലുകൾ തുറന്നതായി ആർച്ച്ബിഷപ്പ് ഹന്ന റഹ്മെ വെളിപ്പെടുത്തി. “ദെയർ എൽ-അഹ്മറിനു ചുറ്റുമുള്ള ഗ്രാമങ്ങളിലെ ഓരോ ക്രിസ്ത്യൻകുടുംബവും നാടുകടത്തപ്പെട്ട മൂന്നോ, നാലോ കുടുംബങ്ങളെ (30 മുതൽ 60 വരെ ആളുകളെ) സ്വീകരിച്ചിട്ടുണ്ട്” കിഴക്കൻ ലെബനനിലെ ബാൽബെക്ക്-ഡീർ എൽ-അഹ്മറിലെ മറോനൈറ്റ് ആർച്ച്ബിഷപ്പ് പറഞ്ഞു.

ബാൽബെക്ക്-ഡീർ എൽ-അഹ്മറിലെ അതിരൂപത രാജ്യത്തിന്റെ മൊത്തം ഭാഗത്തിന്റെ 27% ഉൾക്കൊള്ളുന്നു. ഏകദേശം 4,50,000 ഷിയാ മുസ്ലീങ്ങൾ താമസിക്കുന്ന ഒരു പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങളുടെ തന്ത്രപ്രധാനമായ സ്ഥലമായി കണക്കാക്കപ്പെടുന്നതിനാൽ ബാൽബെക്ക് മേഖലയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടത്. എന്നിരുന്നാലും, ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെ താമസിക്കുന്ന പട്ടണങ്ങളിലും ബോംബാക്രമണം ഉണ്ടായതായി പൊന്തിഫിക്കൽ ഫൗണ്ടേഷൻ ചൂണ്ടിക്കാണിക്കുന്നു. നഗരത്തിൽനിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയുള്ള ഹിസ്ബുള്ളയുടെ സാമ്പത്തിക-സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണമായതിനാൽ പ്രദേശത്ത് ദിവസേന ശക്തമായ ബോംബാക്രമണം ആണ് നടക്കുന്നതെന്ന് ആർച്ച്ബിഷപ്പ് റഹ്മെ വെളിപ്പെടുത്തുന്നു.

“കുടിയൊഴിപ്പിക്കപ്പെട്ട ധാരാളം ആളുകൾ ഇവിടെയുണ്ട്. പക്ഷേ, ഈ ആളുകളെ അവരുടെ വിധിക്കു വിട്ടുകൊടുക്കാൻ ഞങ്ങൾക്കുകഴിയില്ല. ഞങ്ങൾ ക്രിസ്ത്യാനികൾ ഞങ്ങൾക്കുവേണ്ടി മാത്രമല്ല, എല്ലാ മനുഷ്യർക്കും വേണ്ടിയാണ്” –  മറോനൈറ്റ് ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു.

കൂടാതെ, കത്തോലിക്കരായ തന്റെ സഭാധികാരപരിധിയിലുള്ള പ്രദേശങ്ങളിൽ ഏകദേശം, 13,000 പേർ അഭയം തേടിയിട്ടുണ്ടെന്ന് ആർച്ച് ബിഷപ്പ് റഹ്മെ പറഞ്ഞു. എപ്പിസ്കോപ്പൽ സീ സ്ഥിതിചെയ്യുന്ന നഗരമായ ഡെയർ എൽ അഹ്മറിലും സമീപത്തുള്ള നിരവധി ഗ്രാമങ്ങളിലും കുറഞ്ഞത് 2,300 പേരെ സ്കൂളുകളിലും 5,000 പേരെ സ്വകാര്യ വീടുകളിലും 1,500-ഓളം പേരെ പള്ളികളിലും കോൺവെന്റുകളിലും പരിചരിക്കുന്നു.

ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ. ഒ. എം.) പറയുന്നതനുസരിച്ച്, സെപ്റ്റംബർ 21-നും ഒക്ടോബർ മൂന്നിനും ഇടയിൽ ഏകദേശം 2,35,000 ആളുകൾ കരമാർഗം സിറിയയിലേക്ക് പലായനം ചെയ്തു; ഇതിൽ 82,000 ലെബനീസും 1,52,000 സിറിയക്കാരും ഉൾപ്പെടുന്നു.