വീണ്ടും വീണ്ടും കാണാനും ചിരിക്കാനും ചിന്തിക്കാനും മലയാളി ഓർത്തിരിക്കുന്ന ഒട്ടേറെ സിനിമകൾ സമ്മാനിച്ചാണ് ഷാഫിയുടെ പടിയിറക്കം. സംവിധായകനായും തിരക്കഥാകൃത്തായും നിർമാതാവായും സിനിമാ മേഖലയിൽ പേര് പതിപ്പിച്ചാണ് ആ മടക്കം. 

സഹോദരൻ റാഫിക്കൊപ്പം സിനിമയിലെത്തിയാണ് ഷാഫി. ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങി. റാഫിയുടെ തന്നെ തിരക്കഥയിൽ പിറന്ന വൺമാൻ ഷോ ആയിരുന്നു ആദ്യ സംവിധാനം. സിനിമാവഴിയിലെന്നും വെളിച്ചമായത് ജ്യേഷ്ഠൻ റാഫിയാണ്. 

സിനിമ ആസ്വദിക്കാനുള്ളതാവണമെന്ന പക്ഷമായിരുന്നു ഷാഫിക്ക്. എന്നാൽ നർമത്തിനിടയിലും കഥ വേണമെന്ന് വാശിപിടിച്ചു. പിറന്നതോ, എല്ലാത്തലമുറയും ആവർത്തിച്ചുകാണുന്ന കല്യാണരാമനും തൊമ്മനും മക്കളും മുതൽ ടു കൺട്രീസ് വരെയുള്ള സിനിമകൾ. ബെന്നി പി നായരമ്പലമായിരുന്നു സിനിമാ വഴിയിൽ തിരക്കഥയധികവും നൽകിയത്. ദിലീപാണ് മിക്ക സിനിമകളിലും നായകനായത്.

ട്രോളുകളുടേയും മീമുകളുടേയും കാലത്ത് ഏറെ ഷെയർ ചെയ്യപ്പെട്ട കഥാപാത്രങ്ങളിലധികവും ഷാഫിയുടെ സിനിമയിൽനിന്നുള്ളയായിരുന്നു. ദശമൂലം ദാമുവും മിസ്റ്റർ പോഞ്ഞിക്കരയും തുടങ്ങി ഉദാഹരണങ്ങളനവധിയാണ്. നിത്യജീവിതത്തിൽ സന്ദർഭോചിതമായി ഉപയോഗിക്കുന്ന സിനിമാ സംഭാഷണ ശകലങ്ങളിലേറെയും ഷാഫിയുടേത് തന്നെ. 

ദിവസവും സിനിമ കാണുന്ന പതിവുകാരന് പക്ഷേ സിനിമയിൽ നിന്ന് ഇടവേളയെടുക്കേണ്ടിവന്നു. മലയാള സിനിമയുടെ മാറ്റത്തിനൊത്ത് കുതിക്കാനാവാത്തത് സ്വകാര്യ ദുഃഖമായിരുന്നു. ഒടുവിൽ അഭ്രപാളിയിലെ ചിരിമുഴക്കങ്ങൾ മലയാളി മനസിൽ ബാക്കിയാക്കി ജനപ്രിയസംവിധായകന്റെ മടക്കം.