കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ് ബഹ്റെെനിലേക്കും മലോഷ്യയിലേക്കും കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. മലേഷ്യ (ക്വലാലംപൂർ), ബഹ്‌റൈൻ (മനാമ) എന്നിവിടങ്ങളിലാണ് ഇപ്പോൾ ഒഴിവുകൾ വന്നിട്ടുള്ളത്. അഭിഭാഷകനായി കേരളത്തിലും അപേക്ഷ നല്‍കുന്ന രാജ്യത്തും (നിയമമേഖലയില്‍) കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. ഇവർക്ക് അപേക്ഷിക്കാം.

താല്‍പര്യമുളളവര്‍ www.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയുടെ സ്കാന്‍ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകളുമായി ceo.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് 2024 ഒക്ടോബര്‍ 25 ന് അകം അപേക്ഷ നല്‍കേണ്ടതാണ്.

വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾ എന്തെങ്കിലും പ്രശ്നങ്ങളിൽ പെട്ടാൻ അവരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ് ലീഗൽ കൺസൾട്ടന്റുമാരെ വെക്കുന്നത്. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ പെടുന്ന പ്രവാസികളെ സഹായിക്കാൻ വേണ്ടിയാണ് പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്.

നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. നിരവധി പേർക്ക് ഇതിന്റെ സഹായം ലഭിക്കാറുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

അതേസമയം, സംസ്ഥാന സർക്കാർ ഒക്ടോബർ 11 ന് വെളളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തിനാൽ നോർക്ക സർട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററുകളില്‍( തിരുവനന്തപുരം, എറണാകുളം,കോഴിക്കോട്) എന്നിവിടങ്ങളിൽ ഒക്ടോബർ 11 ന് വെളളിയാഴ്ച അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കില്ലെന്ന് നോർക്ക അറിയിച്ചിട്ടുണ്ട്. ഈ ദിവസം അറ്റസ്റ്റേഷനായി ദിവസം ലഭിച്ചവർ അടുത്ത പ്രവൃത്തിദിനങ്ങളില്‍ ഹാജരാകേണ്ടതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.