ഇന്ത്യയിലെ ഡേറ്റിങ് സംസ്കാരത്തെക്കുറിച്ച് തുറന്ന അഭിപ്രായപ്രകടനം നടത്തി പ്രശസ്തയായിരിക്കുകയാണ് ഓസ്ട്രേലിയയിലെ പോഡ്കാസ്റ്റ് പ്രൊഡ്യൂസറായ ബ്രീ സ്റ്റീലെ. ഇക്കാര്യത്തിൽ ഇന്ത്യയിലെ പുരുഷന്മാർ ഓസ്ട്രേലിയൻ പുരുഷന്മാരെ അപേക്ഷിച്ച് എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു, ഇന്ത്യയിലെ ഡേറ്റിങ് സംസ്കാരത്തിൽ ബോളിവുഡ് സിനിമകൾ നിർവഹിക്കുന്ന പങ്ക് എത്രയുണ്ട് എന്നെല്ലാം വീഡിയോയിലൂടെ അവർ വിശദീകരിക്കുന്നുണ്ട്. 2023 മുതൽ ഇന്ത്യയിൽ പരക്കെ യാത്ര ചെയ്തതിന്റെ അനുഭവത്തിലാണ് ബ്രീ സ്റ്റീലെയുടെ വെളിപ്പെടുത്തൽ. 

സ്ത്രീകളെ ആകർഷിക്കാൻ ഉതകുന്ന തമാശകൾ പറഞ്ഞോ പരിഹാസങ്ങൾ നടത്തിയോ ആണ് ഓസ്ട്രേലിയയിലെ പുരുഷന്മാർ ഫ്ളെർട്ട് ചെയ്യുക. അത് തികച്ചും അരോചകമാണ്. പക്ഷേ, ഇക്കാര്യത്തിൽ ഇന്ത്യക്കാർ അങ്ങനെയല്ല. എല്ലാവരും നിങ്ങളോട് വളരെ നല്ലവരായിരിക്കും. കാര്യങ്ങളെ വേഗത്തിൽ മുന്നോട്ടുനീക്കും. ഇരുരാജ്യങ്ങളിലെയും ഡേറ്റിങ് സംസ്കാരത്തിലുള്ള പ്രധാന വ്യത്യാസം ഇതാണെന്നും ബ്രീ സ്റ്റീലെ വ്യക്തമാക്കുന്നു. 

‘ഞാൻ ഒരിക്കൽ ഒരു പാർട്ടിയിലായിരിക്കേ, ഒരാൾ പെട്ടെന്ന് വന്ന് എന്റെ കൈ പിടിച്ച് ഫ്ളെർട്ട് ചെയ്തു. ഓസ്ട്രേലിയയിൽ അങ്ങനെയൊന്ന് ഒരിക്കലും നടക്കില്ല’ -സ്റ്റീലെ പറഞ്ഞു. എന്നാൽ മറ്റൊരു വീഡിയോയിൽ, മുംബൈയിൽ നടന്ന ഒരു ഡേറ്റിങ് ഇവന്റിനിടെ കണ്ട പോരായ്മയെക്കുറിച്ചും അവർ വിശദീകരിച്ചു. സ്കൂൾ ഡിസ്കോ എന്നാണ് അവർ അതിന്റെ തുടക്കസമയത്തെ വിശേഷിപ്പിച്ചത്.

മുംബൈയിലെ ആ ഡേറ്റിങ് ഇവന്റിന്റെ തുടക്കത്തിൽ പുരുഷന്മാരും സ്ത്രീകളും വെവ്വേറെയായിട്ടാണ് നിലകൊണ്ടതെന്ന് സ്റ്റീലെ പറഞ്ഞു. തനിക്കത് സ്കൂൾ ഡിസ്കോ പോലെയാണ് അനുഭവപ്പെട്ടത്. ആദ്യ മണിക്കൂറിൽ പുരുഷന്മാർ പുരുഷന്മാരോട് മാത്രവും സ്ത്രീകൾ സ്ത്രീകളോട് മാത്രവുമാണ് സംസാരിച്ചുകൊണ്ടിരുന്നത്. ഇരു ജെൻഡറും ഇടകലർന്ന് സംസാരിക്കാൻ തയ്യാറായില്ല. ആ തുടക്കം തന്നെ അസ്വസ്ഥപ്പെടുത്തിയെന്നും അവർ പറഞ്ഞു. 

ഇന്ത്യയിലെ ഈ വിധത്തിലുള്ള ഡേറ്റിങ് സംസ്കാരത്തിൽ ബോളിവുഡ് സിനിമകൾക്ക് പങ്കുണ്ട്. സിനിമകളിൽ കണ്ട രംഗങ്ങൾ ജീവിതത്തിലേക്ക് പകർത്തുകയാണ് ഇവിടെ എല്ലാവരും. പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഒരുപക്ഷേ, ഇങ്ങനെ ആകസ്മികമായി ഡേറ്റിങ് നടത്തുന്ന ആദ്യത്തെയാളുകളായിരിക്കും ഇന്ത്യയിലെ ഈ തലമുറ.

പാശ്ചാത്യരാജ്യങ്ങളിലെ ഡേറ്റിങ് സംസ്കാരത്തിന് പരമ്പരാഗതമായ ഒരു വേരുണ്ട്. അവിടെ ഞങ്ങൾക്ക് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഡേറ്റിങ് കഥകളും ലൈംഗിക വിദ്യാഭ്യാസവുമുണ്ട്. ഇന്ത്യയിൽ പക്ഷേ, അത് അങ്ങനെയല്ലെന്ന് തോന്നുന്നു. അതിനാൽ ആളുകൾ സ്ക്രീനിൽ കാണുന്നപോലെ ഡേറ്റിങ് നടത്തുന്നുവെന്നും സ്റ്റീലെ പറഞ്ഞു.