കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഐടി ടവറുകളുടെ ജോലി പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ് കൊച്ചി സ്മാർട് സിറ്റിയിൽ. 32 നിലകളുള്ള 2 ടവറുകളിലായാണ് ഈ വമ്പൻ ഐടി പാർക്ക് ഒരുങ്ങുന്നത്. മൊത്തം 64 നിലകളിൽ പ്രീമിയം ഓഫീസ് സ്പേസ് സജ്ജമാക്കിയിരിക്കുന്നു. കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഐടി മുന്നേറ്റം മുന്നിൽക്കണ്ടുള്ള സമർത്ഥമായ നീക്കമാണ് ലുലു ഗ്രൂപ്പ് നടത്തിയിരിക്കുന്നത്.

30000 – 40000 തൊഴിലവസരങ്ങൾ നൽകുന്ന ഒന്നായിരിക്കും ഈ വമ്പൻ ഐടി സ്പേസ്. ലുലുവിനുകീഴിലുള്ള സാൻഡ്‌സ് ഇൻഫ്രാബിൽഡിന്റേതാണ്‌ പദ്ധതി. 12.74 ഏക്കറിലാണ് ടവറുകൾ ഒരുങ്ങുന്നത്. മുപ്പത്തിമൂന്നുലക്ഷം ചതുരശ്രയടിയിലുള്ള ഐടി ടവറുകളിൽ ഫുഡ് കോർട്ട്, ക്രെഷ്, ജിം, റീട്ടെയ്ൽ സ്‌പേസ്, 100 ശതമാനം പവർ ബാക്കപ്, കേന്ദ്രീകൃത എസി, മാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ളസംഭരണി തുടങ്ങിയവയുണ്ടാകും.

1500 കോടി രൂപ ചെലവിലാണ് ഈ സ്ഥാപനം പണിതുയർത്തിയിരിക്കുന്നത്. ആകെ 34.54 ലക്ഷം സ്ക്വയർഫീറ്റ് വിസ്തൃതിയുണ്ട് ഈ ടവറുകൾക്ക്. ഇതിൽ 25.5 ലക്ഷം സ്ക്വയർഫീറ്റും ലീസിന നൽകാനുള്ളതാണ്. ലെവല്‍ കാർ പാർക്കിങ് അടക്കമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. ഒരേസമയം 4250 കാറുകൾ ഇവയിൽ പാർക്ക് ചെയ്യാനാകും.

കേരളത്തിലെ ഏറ്റവും ഉയരമുള്ള ഐടി വ്യവസായ സമുച്ചയങ്ങളാണ് കൊച്ചിയിൽ ലുലുവിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്നത് എന്നാണ് വ്യവസായ മന്ത്രി പി രാജീവ് പറയുന്നത്. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: “ഇതിനോടകം തന്നെ കേരളം ലക്ഷ്യസ്ഥാനമാക്കിയിട്ടുള്ള നിരവധി വൻകിട കമ്പനികൾക്ക് ആകർഷകവും എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്നതോടെ വരുന്ന രണ്ട് വർഷത്തിനുള്ളിൽ കേരളം പ്രതീക്ഷിക്കുന്നത് നാലാം വ്യവസയവിപ്ലവത്തിൽ ഇന്ത്യയുടെ ഹബ്ബായി മാറാനുള്ള കുതിപ്പ് സാധ്യമാകുമെന്ന് തന്നെയാണ്. ജൂലൈ മാസത്തിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺക്ലേവ് കൂടി കഴിയുന്നതോടെ ആർക്കും തടുക്കാൻ കഴിയാത്ത വിധത്തിൽ നൂതന വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമായി കേരളം മാറും.”

അതെസമയം കേരളത്തിലെ പുതിയ ലുലു മാളുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. കോഴിക്കോട്, കോട്ടയം, മലപ്പുറം എന്നിവിടങ്ങളിലാണ് പുതിയ ലുലു മാളുകൾ വരുന്നത്. ആദ്യം ഉദ്ഘാടനം ചെയ്യപ്പെടുക കോഴിക്കോട്ടെ ലുലു മാളായിരിക്കും. നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നീ നഗരങ്ങളിലാണ് ലുലു മാളുകളുള്ളത്. പുതിയവ കൂടി വരുന്നതോടെ കേരളത്തിൽ ലുലു മാളുകളുടെ എണ്ണം ആറാകും. കോഴിക്കോട് മാങ്കാവിലാണ് ലുലു മാൾ ഉയരുന്നത്. 3.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുണ്ട് ഈ മാളിന്. ഇതിൽ 1.5 ലക്ഷം ചതുരശ്ര അടിയിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കും. ഒരേസമയം 400 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട് ഇവിടെ സജ്ജമാകും. 1000 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

കോട്ടയത്ത് എംസി റോഡിൽ നാട്ടകം മണിപ്പുഴ ജങ്ഷനിലാണ് ലുലു മാൾ ഒരുങ്ങുക. 28,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഒരുങ്ങുന്ന ലുലു മാളിൽ 25ലധികം ബ്രാൻഡുകൾ പ്രവർത്തിക്കും.