വളരെ ഹ്രസ്വമായ സന്ദർശനമായിരുന്നു ലക്സംബർഗിൽ ഫ്രാൻസിസ് പാപ്പാ നടത്തിയത്. വളരെ ചെറിയ ഒരു രാജ്യമാണെങ്കിലും ഇവിടുത്തെ സന്ദർശന വേളയിൽ പാപ്പാ അപ്രതീക്ഷിതമായി ഒരു കഫേയിലെത്തി കാപ്പി കുടിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സെപ്‌റ്റംബർ 26-ന് വൈകുന്നേരം, ലക്സംബർഗിലെ നോട്ടർ ഡാം കത്തീഡ്രലിൽ രാജ്യത്തെ കത്തോലിക്കാ സമൂഹവുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് മുമ്പ്, പരിശുദ്ധ പിതാവ് ‘ഗ്രുപ്പെറ്റോ’ കഫേയിൽ എത്തുകയായിരുന്നു. മാർപാപ്പയും കൂടെയുള്ളവരും തങ്ങളുടെ കഫേയിലേക്ക് എത്തുന്നത് കണ്ടപ്പോൾ അവിടെയുള്ള ജീവനക്കാർ ഞെട്ടിപ്പോയി. “ഞാൻ ഇതുവരെ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും സമ്മർദമുള്ള കാപ്പിയായിരുന്നു അത്,” ഉടമ ജാസിൻ പുഞ്ചിരിയോടെ പറയുന്നു.

സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ, ഫ്രാൻസിസ് മാർപാപ്പ തൻ്റെ കാപ്പി, ഒരുപക്ഷേ എസ്പ്രസ്സോ, മറ്റ് ജീവനക്കാർക്കൊപ്പം ആസ്വദിക്കുന്നത് കാണാം.

“ഇയർപീസ് ധരിച്ച് ഒരു പോലീസുകാരൻ കഫെയുടെ അകത്തു കടന്നുവന്ന്, ഫ്രാൻസിസ് മാർപാപ്പ ഇവിടെ വന്നു കാപ്പി കുടിക്കാൻ പോകുന്നു എന്ന് പറഞ്ഞു. സത്യത്തിൽ ഇതൊരു തമാശയായി ഞാൻ കരുതി. പക്ഷേ, ഇതൊരു യാഥാർഥ്യമായിരുന്നു.” അദ്ദേഹം പറഞ്ഞു.

പാപ്പാ തൻ്റെ കടയിൽ പ്രവേശിക്കുന്നത് കണ്ടപ്പോൾ തനിക്ക് “ഒരു ദീർഘനിശ്വാസം എടുക്കേണ്ടി വന്നു” ജാസിൻ പറഞ്ഞു. വളരെ സൗഹാർദ്ദപരമായാണ് പാപ്പാ ആളുകളോട് സംസാരിച്ചതും. കഫെയിൽ ഉണ്ടായിരുന്നവരുമായി അദ്ദേഹം ഫോട്ടോയെടുക്കുകയൊക്കെ ചെയ്തു. നൂറു യൂറോ ടിപ്പും നൽകിയാണ് പാപ്പാ മടങ്ങിയത്.