ഡൽഹി: രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ ശുപാര്‍ശ ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷന്‍ (എന്‍സിപിസിആര്‍).

മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്നും മദ്രസ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും കമ്മീഷന്‍ മേധാവി പ്രിയങ്ക് കനുങ്കോ കത്തയച്ചു.

കമ്മീഷന്‍ തയ്യാറാക്കിയ ‘വിശ്വാസത്തിന്റെ സംരക്ഷകരോ അവകാശ ധ്വംസകരോ: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ വേഴ്‌സസ് മദ്രസകള്‍’ എന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് കത്ത്.

‘മദ്രസകളുടെ ചരിത്രവും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതില്‍ അവയ്ക്കുള്ള പങ്കും’ ഉള്‍പ്പെടെ വിവരങ്ങളാണ് 11 അധ്യായങ്ങളിലായി റിപ്പോര്‍ട്ടിലുള്ളത്. 

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, മദ്രസകളിലെ പഠനരീതി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നു, മതിയായ യോഗ്യതയുള്ളവരല്ല മദ്രസയിലെ അധ്യാപകര്‍ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്.