കാൽഗറി: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലുള്ള കാനഡ – കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിന്റെ നിർമാണഫണ്ട് ശേഖരണത്തിനായി പ്രശസ്ത മാന്ത്രികനായ പ്രഫസർ സാമ്രാജും സംഘവും അവതരിപ്പിക്കുന്ന “കനേഡിയൻ ഇല്ല്യൂഷൻ 2024” ഞായറാഴ്ച ജേർണി ചർച്ച് ഈമൺ റോഡ് കാൽഗറിയിൽ വെെകുന്നേരം ആറു മുതൽ അരങ്ങേറുന്നു.
2002ൽ ഒരു കോൺഗ്രിഗേഷനായി തുടങ്ങിയ കൂട്ടായ്മ എട്ട് വർഷകാലം മാസത്തിൽ ഒരു കുർബാന മാത്രം നടത്തിപ്പോരുകയായിരുന്നു. 2010 ഓടു കൂടി കൂട്ടായ്മ ഒരു പൂർണ ഇടവകയാവുകയും തുടർന്ന് അഭ്യൂതപൂർവമായ വളർച്ചയിൽ കൂടി ഇടവക മുൻപോട്ട് പോവുകയും ചെയ്തു.
ഇപ്പോൾ ഏകദേശം നൂറിലധികം കുടുംബങ്ങൾ ഇടവകയിൽ പ്രവർത്തിക്കുന്നു. കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങൾ ഈ ഇടവക നടത്തി വരുന്നു. 2014ൽ ഇടവക സ്വന്തമായി വസ്തു വാങ്ങുകയും 2019ൽ അതിന്റെ സോണിംഗും 2020ൽ നിർമാണ അനുമതിയും ലഭിച്ചു. 2023 ജൂലെെ ഏഴിനു പ്രാരംഭ പണികൾ ആരംഭിച്ചു.
2024 ജൂൺ 29നു വി. കുർബാനനന്തരം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഈവാനിയോസ് അടിസ്ഥാന കല്ല് ഇട്ട് ദേവാലയ നിർമാണം ആരംഭിച്ചു. അന്നേ ദിവസം തന്നെ “കനേഡിയൻ ഇല്ല്യൂഷൻ 2024’ന്റെ ടിക്കറ്റ് വിതരണ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ഇടവക വികാരി ഫാ. ജോർജ് വർഗീസ്, ട്രഷറർ ഐവാൻ ജോൺ, സെക്രട്ടറി അശോക് ജോൺ, കോർഡിനേറ്റർ ജോ വർഗീസ് തുടങ്ങിയവരുടെ നേത്യത്വത്തിൽ വിവിധ കമ്മിറ്റികൾ “കനേഡിയൻ ഇല്ല്യൂഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഇവാൻ ജോൺ – 403 708 4123, ജോ വറുഗീസ് – 403 828 0855.