വിശാഖപട്ടണം: ട്രെയിൻ യാത്രികരായ ദമ്പതികളെ ബോധം കെടുത്തി സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണുകളും കവർന്നു. കൊല്ലം – വിശാഖപട്ടണം എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കവർച്ചക്ക് ഇരകളായ പത്തനംതിട്ട സ്വദേശികൾ വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

തമിഴ്നാട്ടിലെ ഹൊസൂറിൽ സ്ഥിര താമസക്കാരായ പത്തനംതിട്ട തലച്ചിറ സ്വദേശികളാണ് കവർച്ചക്ക് ഇരയായത്. റെയിൽവേ പോലീസിൽ ഇവർ നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ. കൊല്ലം – വിശാഖപട്ടണം എക്സ്പ്രസിൽ ആണ് രാജുവും ഭാര്യ മറിയാമ്മയും നാട്ടിൽ നിന്നും മടങ്ങിയത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ കായംകുളത്ത് നിന്നും ട്രെയിനിൽ കയറി, ജോളാർ പേട്ട സ്റ്റേഷനിലായിരുന്നു ഇറങ്ങേണ്ടത്.

ഇതേ കോച്ചിൽ ഹിന്ദി സംസാരിക്കുന്ന മറ്റൊരാൾ കൂടിയുണ്ടായിരുന്നു. വിശാഖപട്ടണത്ത് ബിസിനസ് ആണെന്ന് അയാൾ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. ഒമ്പതരയോടെ ദമ്പതികൾ ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നു. രാത്രി പതിനൊന്നരയോടെ മറിയാമ്മയ്ക്ക് ചുമ വന്നു. ബർത്തിനോട് ചേർന്ന് ഫ്ലാസ്കിൽ ഇവർ ചൂട് വെള്ളം വെച്ചിരുന്നു. രാജു ഫ്ലാസ്ക്കിലെ വെള്ളമെടുത്ത് മറിയാമ്മയ്ക്ക് കൊടുക്കാൻ തുടങ്ങിയപ്പോൾ അടുത്തിരുന്ന അപരിചിതൻ സഹായിക്കാൻ എന്ന രീതിയിൽ എത്തി. വേണ്ടെന്നു പറയുകയും രണ്ടുപേരും ഇവർ സ്വയം വെള്ളം കുടിക്കുകയും ചെയ്തു. എന്നാൽ അതിനുശേഷം ഒന്നും ഓർമ്മയില്ലെന്ന് ഇരുവരും പറയുന്നു.
 
ഫ്ലാസ്കിൽ ഉണ്ടായിരുന്ന വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയെന്നാണ് സംശയം. ജോളാർപേട്ട് സ്റ്റേഷനിൽ രാജുവും മറിയാമ്മയും ഇറങ്ങിയില്ലെന്ന് മനസ്സിലാക്കിയതോടെ മകൻ ഷിനു റെയിൽവേ പൊലീസിന്റെ സഹായം തേടി. അങ്ങനെയാണ് തൊട്ടടുത്ത കാട്പാടി സ്റ്റേഷനിൽ വച്ച് ബോധരഹിതരായി ഇവരെ കണ്ടെത്തുന്നത്. മകൃന്റെ പരാതിയിൽ വിശദമായ അന്വേഷണം നടക്കുന്നു എന്നാണ് കാട്പാടി റെയിൽവേ പൊലീസിന്റെ വിശദീകരണം.