ഉക്രെയ്‌നിനെതിരായ യുദ്ധത്തിൽ റഷ്യൻ മിലിട്ടറി സപ്പോർട്ട് സർവീസിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ്  ബിനിലിൻ്റെ(32) മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് സാമൂഹിക മാധ്യമത്തിലൂടെ ഈ വിവരം സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ ബിനിലിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനും റഷ്യൻ സേനയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാനുമുള്ള പരിശ്രമത്തിലാണ് കേന്ദ്രം. 

ഷെല്ലാക്രമത്തില്‍ ബിനില്‍ കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന ബന്ധു ജയിന്‍ കുര്യന് പരിക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്ത പുറത്തു വന്നിരുന്നു. ഇവര്‍ക്കൊപ്പം യുദ്ധമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ സ്വദേശിയായ സന്ദീപ് ചന്ദ്രന്‍(36) കഴിഞ്ഞ സെപ്റ്റംബറില്‍ കൊല്ലപ്പെട്ടിരുന്നു.

മോസ്‌കോയിലെ ഇന്ത്യന്‍ എംബസി കുടുംബങ്ങളുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തു വരുകയാണ്. മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി റഷ്യന്‍ അധികൃതരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. പരിക്കേറ്റ വ്യക്തിയെ നേരത്തെ ഡിസ്ചാര്‍ജ് ചെയ്യാനും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം മോസ്‌കോയിലെ റഷ്യന്‍ അധികാരികളോടും ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിയോടും ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയയ്ക്കണമെന്ന ആവശ്യവും വീണ്ടും ഉന്നയിച്ചു’ വിദേശകാര്യ വക്താവിന്റെ സാമൂഹികമാധ്യമത്തിൽ കുറിച്ചു.