ലോകരാജ്യങ്ങളും ആഗോള വിനോദസഞ്ചാര മാർക്കറ്റും ഉറ്റുനോക്കിയ സംഭവമായിരുന്നു ഇന്ത്യയും മാലദ്വീപും തമ്മിലുണ്ടായ വിവാദം. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച മന്ത്രിമാർ മാലദ്വീപ് മന്ത്രിസഭയിൽ നിന്ന് രാജിവെക്കുകയും പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിക്കാനൊരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ മഞ്ഞുരുകുകയാണ്. അധികാരത്തിലേറിയ കാലം മുതൽ ഇന്ത്യയെ ശത്രുവായി പ്രഖ്യാപിച്ച മുയിസു തന്നെയാണ് ഇന്ത്യയെ അനുനയിപ്പിക്കാൻ നേതൃത്വം നൽകുന്നതെന്നാണ് മറ്റൊരു കൗതുകം. വിവാദങ്ങളവസാനിക്കുമ്പോൾ ഇതുകൊണ്ട് നഷ്ടമുണ്ടായത് തങ്ങൾക്ക് മാത്രമാണെന്ന് മാലദ്വീപിന് നന്നായറിയാം.

പത്ത് മാസങ്ങൾക്ക് മുൻപാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി മാലദ്വീപിലെ ചില മന്ത്രിമാർ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്നുണ്ടായ സംഭവങ്ങളായിരുന്നു ഈ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇതിനെ തുടർന്ന് ഇന്ത്യൻ വിനോദ സഞ്ചാരികൾ വ്യാപകമായി മാലദ്വീപിനെ ബഹിഷ്കരിച്ചിരുന്നു. ഇന്ത്യക്കാർ ബഹിഷ്കരിക്കാൻ തുടങ്ങിയതോടെ മാലദ്വീപ് ടൂറിസം മേഖലയിൽ വൻ തിരിച്ചടിയാണ് നേരിട്ടത്. വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് ടൂറിസം പ്രധാന വരുമാന മാർഗങ്ങളിലൊന്നായ ഈ ദ്വീപ് രാഷ്ട്രത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതോടെ ഇന്ത്യയെ അനുനയിപ്പിക്കാൻ മാലദ്വീപ് ഭരണകൂടം ശ്രമങ്ങളാരംഭിച്ചിരുന്നു

മോദിയുടെ ലക്ഷദ്വീപ് സന്ദർശനവും വിവാദങ്ങളും

ഈ വർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതോടെയാണ് മാലദ്വീപുമായുള്ള വിവാദങ്ങൾ ആരംഭിച്ചത്. ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്നോർക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. മാലദ്വീപിന് ബദലായി മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചർച്ചകളും സജീവമായി. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനവും തുടർന്നുള്ള ട്വീറ്റുകളും വിനോദസഞ്ചാര മേഖലയിൽ ലക്ഷദ്വീപിനെ മാലദ്വീപിന് ബദലായി ഉയർത്തിക്കാട്ടാനുള്ള ശ്രമമായാണ് അവർ വിലയിരുത്തിയത്. ഇതോടെയാണ് മാലദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രി മോദിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ഇന്ത്യയിൽ മാലദ്വീപ് ബഹിഷ്കരണ ക്യാംപെയിൻ ശക്തമാവുകയുമായിരുന്നു. ചൈന അനൂകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ തുടക്കം മുതലേയുള്ള നടപടികളും സ്ഥിതി രൂക്ഷമാക്കി.

അനുനയനവുമായി മാലദ്വീപ് ഭരണകൂടം

കഴിഞ്ഞ വർഷം വരെ മാലദ്വീപിലേക്ക് ഏറ്റവും കൂടുതലായി എത്തിയ സഞ്ചാരികൾ ഇന്ത്യക്കാരായിരുന്നു. എന്നാൽ വിവാദങ്ങൾക്ക് ശേഷം മാലദ്വീപിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഇന്ത്യ ആറാം സ്ഥാനത്തെത്തി. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ 42 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ കാര്യങ്ങൾ അപകടത്തിലാണെന്ന് മനസ്സിലാക്കിയ മാലദ്വീപ് ഭരണകൂടം ഇന്ത്യയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഇന്ത്യൻ സഞ്ചാരികളോടുള്ള അഭ്യർഥനയുമായി മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ തന്നെ രംഗത്തെത്തി. ഇന്ത്യക്കാരെ ആകർഷിക്കാൻ ഇന്ത്യൻ നഗരങ്ങളിൽ മാലദ്വീപ് ടൂറിസം റോഡ് ഷോകൾ നടത്തി. ഈ ഷോ ഉദ്ഘാടനം ചെയ്യാൻ ടൂറിസം മന്ത്രി തന്നെ നേരിട്ടെത്തി. ഇന്ത്യയിൽ നിന്ന് മാലദ്വീപിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം വർധിപ്പിക്കാനും മാലദ്വീപ് ഭരണകൂടം മുൻകൈ എടുത്തു.

ടൂറിസം മെച്ചപ്പെടുന്നു

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുന്നത് ടൂറിസത്തിലും പ്രതിഫലിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പഴയ സ്ഥിതിയിലേക്ക് എത്തിയില്ലെങ്കിലും ഇന്ത്യൻ സഞ്ചാരികൾ വീണ്ടും മാലദ്വീപിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ട്രാവൽ ഏജൻസികൾ മാലദ്വീപ് പാക്കേജുകൾ വീണ്ടും ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യൻ സെലിബ്രിറ്റികളും വീണ്ടും മാലദ്വീപ് യാത്രകൾ നടത്തുകയും ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മാലിദ്വീപ് ടൂറിസത്തിന്റെ ഗുണഭോക്താക്കളിൽ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യൻ സഞ്ചാരികൾ തിരിച്ചെത്തുമെന്നാണ് മാലദ്വീപിന്റെ പ്രതീക്ഷ.