2004-ൽ പുറത്തിറങ്ങിയ മർഡർ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് മല്ലിക ഷെരാവത്ത്. ഒരു തെന്നിന്ത്യൻ ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ നേരിട്ട ദുരനുഭവത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവർ. ഒരു ​ഗാനരം​ഗം ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ ആവശ്യപ്പെട്ടതുകേട്ട് താൻ ഞെട്ടിയെന്നും ആ സിനിമ ഉപേക്ഷിച്ച് ഇറങ്ങിപ്പോന്നുവെന്നും അവർ പറഞ്ഞു.

ഹോട്ടർഫ്ളൈക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ദക്ഷിണേന്ത്യയിലെ ഒരു സംവിധായകനിൽനിന്നുമുണ്ടായ ദുരനുഭവത്തേക്കുറിച്ച് പറഞ്ഞത്. കുറച്ച് ​ഗ്ലാമറസായി അഭിനയിക്കേണ്ട ​ഗാനമാണെന്നാണ് സംവിധായകൻ ആദ്യം പറഞ്ഞതെന്ന് മല്ലിക പറഞ്ഞു. കുഴപ്പമില്ല എന്നായിരുന്നു ആദ്യം തന്റെ നിലപാടെന്നും അവർ പറഞ്ഞു. നായകൻ നായികയായി അഭിനയിക്കുന്ന തന്റെ ഇടുപ്പിൽവെച്ച് ചപ്പാത്തിയുണ്ടാക്കുന്ന രം​ഗമാണ് ചിത്രീകരിക്കാൻ പോകുന്നതെന്നും സംവിധായകൻ പറഞ്ഞതായി മല്ലിക വെളിപ്പെടുത്തി.

ആ ​ഗാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട രം​ഗമാണെന്നാണ് ഇതേക്കുറിച്ച് ആ സംവിധായകൻ പറഞ്ഞത്. നിങ്ങൾ ഒന്നാലോചിച്ചുനോക്കൂ, ഒരു സ്ത്രീയെ ​ഗ്ലാമറസായി കാണിക്കാൻ അവർ അവതരിപ്പിച്ച ആശയമാണിത്. ആ വേഷം ചെയ്യാൻ താത്പര്യമില്ലെന്നും തനിക്കീ വേഷം ചേരില്ലെന്നും പറഞ്ഞ് ആ സിനിമ ഉപേക്ഷിക്കുകയായിരുന്നെന്നും മല്ലിക വെളിപ്പെടുത്തി.

താരങ്ങൾ കുറച്ച് നയപരമായി ഇടപെട്ടില്ലെങ്കിൽ കരിയറിൽ സിനിമകൾ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുമെന്ന് മല്ലിക ഷെരാവത്ത് അഭിപ്രായപ്പെട്ടു. സിനിമകൾ ലഭിക്കാൻ താരങ്ങൾ മറ്റുള്ളവരെ പുകഴ്ത്താൻ നന്നായി പഠിക്കേണ്ടിയിരിക്കുന്നു. എന്നാൽ തനിക്കങ്ങനെ സാധിക്കില്ലെന്നും താനൊരിക്കലും അതുചെയ്യില്ലെന്നും നടി കൂട്ടിച്ചേർത്തു. വിക്കി ഓർ വിദ്യാ കാ വോ വാലാ വീഡിയോ ആണ് മല്ലിക വേഷമിട്ട് ഈയിടെ പുറത്തിറങ്ങിയ ചിത്രം.