രാധകരുടെ ഏറെനീണ്ട കാത്തിരിപ്പുകൾക്ക് വിരാമം-തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ വീണ്ടും മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർതാരങ്ങൾ ഒന്നിക്കുന്നു. പതിനാറുവർഷത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം സംവിധാനംചെയ്യുന്നത് മഹേഷ് നാരായണനാണ്. സിനിമയുടെ ചിത്രീകരണം നവംബറിൽ ആരംഭിക്കും.

പതിനൊന്നുവർഷംമുൻപ് മമ്മൂട്ടി നായകനായ കടൽ കടന്നൊരു മാത്തുക്കുട്ടിയിൽ മോഹൻലാൽ അതിഥിവേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഇരുവരും തുല്യപ്രധാന്യമുള്ള നായകരായി അവസാനമായി ഒന്നിച്ചത് 2008-ൽ ട്വന്റി-20 യിലാണ്. ജോഷി സംവിധാനം ചെയ്ത ട്വന്റി-20 അന്ന് ബോക്സോഫീസിൽ റെക്കോഡ് വിജയമാണ് നേടിയത്. 80 കോടിയോളം ബജറ്റിലാണ് മമ്മൂട്ടി, മോഹൻലാൽ ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.

ലണ്ടൻ, ശ്രീലങ്ക, ഹൈദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഇരുവരും ഒന്നിക്കുന്നതിനെപ്പറ്റി അടുത്തിടെനടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെ നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് സോഷ്യൽമീഡിയായിലൂടെ ആദ്യസൂചന നൽകിയത്. ആശീർവാദ് സിനിമാസും മമ്മൂട്ടി കമ്പനിയും ഒന്നിക്കുന്നു എന്നരീതിയിലുള്ള ആ പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. ബിഗ്ബജറ്റിൽ മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ ഒന്നിൽ കൂടുതൽപേർ നിർമാണപങ്കാളികളായി എത്തുന്നുണ്ട്.

1982-ൽ നവോദയായുടെ പടയോട്ടം എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹൻലാലും പ്രധാനവേഷങ്ങളിൽ ആദ്യമായി ഒരുമിച്ചത്. അതിൽ മോഹൻലാലിന്റെ അച്ഛനായാണ് മമ്മൂട്ടി അഭിനയിച്ചത്. പിന്നീട് അഹിംസ, വാർത്ത, എന്തിനോ പൂക്കുന്ന പൂക്കൾ, അവിടത്തെപ്പോലെ ഇവിടെയും, അടിയൊഴുക്കൾ, കരിമ്പിൻപൂവിനക്കരെ, നമ്പർ 20 മദ്രാസ് മെയിൽ, അതിരാത്രം, കരിയിലക്കാറ്റുപോലെ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് തുടങ്ങി 51 സിനിമകളിൽ ഇരുവരും ഒരുമിച്ചു. ഇതിലേറെയും സൂപ്പർഹിറ്റുകളുമായിരുന്നു.