കൊച്ചി: ”നമ്മുടെ ഫാൻസിന്റെ പഴേ ആളാ… “” ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസിനെ ചേർത്തുനിറുത്തി മെഗാ സ്റ്റാർ മമ്മൂട്ടി പറഞ്ഞു. പൊട്ടിച്ചിരിയോടെ മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് മന്ത്രി പ്രതികരിച്ചു, ”നമ്മുടെ ചങ്കാണ് ഇക്ക….”” കൊച്ചിയിൽ ചിത്രീകരണം തുടരുന്ന മഹേഷ് നാരായണന്റെ മമ്മൂട്ടി – മോഹൻലാൽ ചിത്രത്തിന്റെ സെറ്റിൽ എത്തിയതായിരുന്നു ഓസ്ട്രേലിയയിലെ മലയാളിയായ മന്ത്രി ജിൻസൺ. മമ്മൂട്ടി ഫാനായ ജിൻസൺ വർഷങ്ങളോളം അദ്ദേഹത്തിന്റെ കാരുണ്യദൗത്യങ്ങളുടെ മുൻനിരക്കാരനുമായിരുന്നു.

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയാണ് കോട്ടയം പാലാ സ്വദേശിയായ ജിൻസൺ. ലിബറൽ പാർട്ടിയുടെ പ്രതിനിധിയാണ്. പ്രിയതാരത്തെ ഓസ്ട്രേലിയയിലേക്ക് ക്ഷണിക്കാൻ കൂടിയായിരുന്നു വരവ്. ഔദ്യോഗിക കത്ത് മമ്മൂട്ടിക്ക് കൈമാറി. സിനിമയടക്കം ആറ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുടെ ക്ഷണം മമ്മൂട്ടി സ്വീകരിച്ചു. കൊച്ചിയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് നേരിട്ട് വിമാനസർവീസ് തുടങ്ങാൻ സർക്കാരിനെക്കൊണ്ട് എന്തെങ്കിലും ചെയ്യിച്ചു കൂടേയെന്നും മമ്മൂട്ടി ചോദിച്ചു.

2007ൽ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷനുമായി സഹകരിച്ച് ‘കാഴ്ച” എന്ന സൗജന്യ നേത്ര ചികിത്സാ പദ്ധതിക്ക് രൂപം കൊടുത്തപ്പോൾ ആശുപത്രിയിലെ വിദ്യാർത്ഥി വോളന്റിയർമാരെ നയിച്ചത് അന്ന് അവിടെ നഴ്‌സിംഗ് വിദ്യാർത്ഥിയായിരുന്ന ജിൻസൺ ആയിരുന്നു. മമ്മൂട്ടി, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആരംഭിച്ചപ്പോൾ അതിൽ സജീവ സാന്നിദ്ധ്യമായി. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയപ്പോഴും പ്രിയനടന്റെ സാമൂഹ്യസേവന പദ്ധതികളുടെ ഭാഗമായി ജിൻസൺ തുടർന്നു.ഏറെക്കാലം മന്ത്രിയായി തുടരാനാകട്ടെ എന്ന് ആശംസിച്ചാണ് ജിൻസണെ മമ്മൂട്ടി യാത്രയാക്കിയത്.