ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പാചരണത്തിനായി എത്തുന്ന വിശ്വാസികളെ വരവേൽക്കാൻ ദേശമൊരുങ്ങി. ഇനിയുള്ള എട്ടു ദിനരാത്രങ്ങൾ വ്രതശുദ്ധിയുടെ പുണ്യദിനങ്ങളായിട്ടാണ് ഇവിടുത്തെ നാടും നാട്ടുകാരും ആചരിക്കുന്നത്. പെരുന്നാൾ എന്നും മണർകാട്ടുകാർക്ക് സ്നേഹകൂട്ടായ്മകളുടെ ഗ്രാമക്കാഴ്ചകളായിരുന്നു. പല നാട്ടിൽനിന്നും പല ദിക്കിൽനിന്നും എട്ടുനോമ്പ് എടുക്കാൻ വന്നെത്തുന്നവർ ഒത്തുചേരുന്ന വാർഷിക ചടങ്ങായിരുന്നു മണർകാട് എട്ടുനോമ്പ് പെരുന്നാൾ.
ശനിയാഴ്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന സന്ധ്യാപ്രാർഥനയോടെ നോമ്പാചരണത്തിന് തുടക്കമാകും. സന്ധ്യാപ്രാർഥനയെത്തുടർന്ന് വൈദികരുടെയും കത്തീഡ്രൽ ഭാരവാഹികളുടെയും മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ കൽക്കുരിശിൽ തിരിതെളിയിക്കും. തുടർന്ന് പെരുന്നാളിനോട് അനുബന്ധിച്ച് ആരംഭിച്ചിരിക്കുന്ന വിവിധ കൗണ്ടറുകളുടെ ഉദ്ഘാടനം നിർവഹിക്കും.
കൗണ്ടറുകളുടെ ഉദ്ഘാടനം
വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മവും പോലീസ് കൺട്രോൾ റുമിന്റെയും ഉദ്ഘാടനം കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൾ ഹമീദ് നിർവഹിക്കും. കുർബാനപ്പണം-അടിമപ്പണം-കറിനേർച്ച കൗണ്ടറുകളുടെയും എന്ക്വയറി ഓഫീസിന്റെയും ഉദ്ഘാടനം കുര്യാക്കോസ് ഏബ്രഹാം കോർഎപ്പിസ്കോപ്പ കറുകയിൽ, എണ്ണ-തിരി കൗണ്ടറുകളുടെയും ക്രമപരിപാലനം - വോളന്റിയർ ഓഫീസുകളുടെയും മാനേജ്മെന്റ് കാന്റീന്റെയും ഉദ്ഘാടനം ഫാ. കുര്യാക്കോസ് കാലായിൽ, മുത്തുക്കുട-കൊടി കൗണ്ടറുകളുടെയും ബുക്ക് സെന്ററിന്റെയും വിൽപ്പന കാന്റീന്റെയും ഉദ്ഘാടനം ഫാ. ജെ. മാത്യൂ മണവത്ത്, നേർച്ചക്കഞ്ഞി കൗണ്ടറിന്റെ ഉദ്ഘാടനം ഫാ. എം.ഐ. തോമസ് മറ്റത്തിൽ എന്നിവർ നിർവഹിക്കും.
ചടങ്ങുകൾ തൽസമയം
കത്തീഡ്രലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും (https://facebook.com/manarcadpallyofficial/) യൂട്യൂബ് ചാനലിലും (https://www.youtube.com/c/manarcadstmarys) വെബ്സൈറ്റിലും (https://manarcadpally.com) പെരുന്നാളിന്റെ പ്രധാന ചടങ്ങുകൾ തൽസമയം സംപ്രേക്ഷണം ചെയ്യും.
എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാന ചടങ്ങുകൾ എസിവി, ഗ്രീൻ ചാനൽ മണർകാട് എന്നീ ടെലിവിഷൻ ചാനലുകളിലും ലഭ്യമാണ്.
വഴിപാടുകൾ ഓൺലൈനായി
നേർച്ച-വഴിപാടുകൾ, പെരുന്നാൾ ഓഹരി എന്നിവയ്ക്ക് ഓൺലൈനിലൂടെ പണം അടയ്ക്കാവുന്നതാണ്. വിശ്വാസികളുടെ പ്രാർത്ഥനാ ആവശ്യങ്ങൾ കത്തീഡ്രലിന്റെ ഇ-മെയിൽ വിലാസത്തിലോ (manarcadstmaryschurch@gmail.com), വാട്സ്ആപ്പ് നമ്പറിലേക്കോ (+919072372700) അയയ്ക്കാം. കത്തീഡ്രലിന്റെ വെബ്സൈറ്റിലൂടെയും സംഭാവനകൾ നൽകാനും പ്രാർഥനാവശ്യങ്ങൾ അറിയിക്കാനും ക്രമീകരണമുണ്ട്. കുർബാനയ്ക്ക് പേരുകൾ നൽകാന് രണ്ട് കിയോസ്കുൾ സ്ഥാപിച്ചിട്ടുണ്ട്. സംഭാവനകൾ നൽകാന് ക്യൂആർ കോഡ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.