ചൊവ്വാഴ്ച രാത്രി ഇംഫാല്‍ വെസ്റ്റിലെ കാങ്ചുപ് ഫായെങ്ങില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഇട്ട രണ്ട് ബോംബുകള്‍ പൊട്ടിത്തെറിച്ചതായി മണിപ്പൂര്‍ പോലീസ് പറഞ്ഞു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ഇംഫാല്‍ വെസ്റ്റിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ കുക്കി തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാത്രി 9.27-നും 9.30-നുമാണ് രണ്ട് ബോംബുകള്‍ പൊട്ടിത്തെറിച്ചത്  ഇവ ഡ്രോണുകളില്‍ നിന്ന് വിക്ഷേപിച്ചതാണെന്ന് സംശയിക്കുന്നു. മണിപ്പൂര്‍ പോലീസിന്റെ താല്‍ക്കാലിക സുരക്ഷാ ബാരക്കില്‍ നിന്നും സെന്‍ട്രി പോസ്റ്റില്‍ നിന്നും ഏകദേശം 15 അടി അകലെയാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. ‘2025 ലെ ആദ്യത്തെ ഡ്രോണ്‍ ബോംബിംഗ് സംഭവമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2024 നവംബര്‍ 11 ന് ഗ്രാമത്തില്‍ സമാനമായ ആക്രമണം ഉണ്ടായിരുന്നു.

ഫോറന്‍സിക് വിദഗ്ധരുടെ സംഘം സ്ഥലത്ത് പരിശോധന നടത്തുകയും ബോംബുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഡ്രോണുകളില്‍ നിന്നുള്ള പ്രൊപ്പല്ലറുകള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. 

ബുധനാഴ്ച ബിഷ്ണുപൂര്‍ ജില്ലയിലെ ഐഗെജാങ്, ലീമരം ഉയോക് ചിങ്ങിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും വന്‍തോതില്‍ കണ്ടെടുത്തു. സംസ്ഥാന-കേന്ദ്ര സുരക്ഷാ സേനകള്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍, ഒരു എസ്എല്‍ആര്‍ റൈഫിള്‍, 51 എംഎം മോര്‍ട്ടാര്‍ ട്യൂബ് ലോഞ്ചര്‍, ഒരു സ്‌നൈപ്പര്‍ റൈഫിള്‍, മൂന്ന് 40 എംഎം ലാത്തോഡ് ഷെല്ലുകള്‍ എന്നിവയുള്‍പ്പെടെ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും കണ്ടെടുത്തു. 

പ്രദേശത്ത് ആയുധധാരികളായ അക്രമികളെയും ഒളിപ്പിച്ച ആയുധശേഖരങ്ങളെയും കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. പിടികൂടിയ സാധനങ്ങള്‍ കൂടുതല്‍ അന്വേഷണത്തിനായി നമ്പോള്‍ പോലീസ് സ്റ്റേഷന് കൈമാറി.