ഹൂസ്റ്റൺ: സ്വപ്നങ്ങളെ പിൻതുടർന്ന് അമേരിക്കയിൽ ലീസ് കുപ്പായമണിഞ്ഞ മലയാളി ഓഫിസർക്ക് ചരിത്ര നേട്ടം. ഹൂസ്റ്റൺ ഫോട്ബെൻഡ് കൗണ്ടിയിലെ പോലീസ് ഓഫിസർ മനോജ് പൂപ്പാറ ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി പ്രിസിങ്ക്റ്റ് 3ൽ പോലീസ് ക്യാപ്റ്റനാകുന്ന ആദ്യ ഇന്ത്യൻ വംശജനാണ്.
വ്യക്തി ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധികൾ അനുഭവപ്പെട്ടിരുന്ന 2005ലാണ് മനോജ് അമേരിക്കയിലെത്തിയത്. ഉന്നത വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിലും ഗ്യാസ് സ്റ്റേഷൻ ജീവനക്കാരനായിട്ടാണ് മനോജ് അമേരിക്കൻ ജീവിതം ആരംഭിച്ചത്. ഇക്കാലയളവിൽ വിവിധ ആളുകളുമായി ഇടപഴകിയത് മനോജിന് സാമൂഹിക കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് സഹായകരമായി.ജോലിക്കൊപ്പം പഠനം നടത്തിയ മനോജ് അരിസോനയിലെ ഫീനിക്സ് സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് (എംബിഎ) പൂർത്തിയാക്കി.
ഗ്യാസ് സ്റ്റേഷനിലെ ജോലിക്കിടെ പോലീസിൽ ചേരുക എന്ന സ്വപ്നം വീണ്ടും മനസിൽ മുളപൊട്ടി. പോലീസ് യോഗ്യതാ കോഴ്സ് പാസായിയതോടെ ഹൂസ്റ്റൺ യൂണിവേഴ്സിറ്റി ഡൗൺടൗൺ പോലീസ് അക്കാദമിയിൽ ചേർന്നു.പോലീസ് അക്കാദമിയിൽ നിന്ന് അക്കാദമിക് ഓണേഴ്സോടെ ബിരുദം നേടി.
2013 മുതൽ 2018 വരെ ഹാരിസ് കൗണ്ടി ഷെരീഫ് ഓഫിസിൽ ജോലി ചെയ്ത മനോജ് മെട്രോ പൊലീസ് ഡിപ്പാർട്ട്മെന്റിൽ ചേർന്നു. മലയാളം, ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ളതിനാൽ, ആളുകളുമായി എളുപ്പത്തിൽ ആശയവിനിയമം മനോജിന് സാധ്യമാണ്.
2023ൽ ആക്രമിയിൽ നിന്ന് സഹപ്രവർത്തകനെ രക്ഷിച്ചതിന് മെട്രോ പൊലീസ് മേധാവി ധീരതയുടെ മെഡൽ നൽകി ആദരിച്ചു. മാരകമായ പോരാട്ടത്തിൽ പരുക്കേറ്റെങ്കിലും,ന മനോജ് കുറ്റവാളിയെ കീഴടക്കി. സംഭവത്തിനിടെ, പ്രതിക്ക് നേരെ മനോജ് രണ്ട് തവണ വെടിയുതിർത്തു. എങ്കിലും ഗുരുതരമായ പരുക്കില്ലാതെ പ്രതിയെ പിടികൂടുന്നതിന് പൊലീസിന് സാധിച്ചു.
മെട്രോ റെക്കഗ്നിഷൻ അവാർഡിന് പുറമേ, ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവാർഡ്, ചേംബർ ഓഫ് കൊമേഴ്സ് അവാർഡ്, ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര ബഹുമതികൾ എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2025 ജനുവരി 1 മുതൽ, ഫോർട്ട് ബെൻഡ് കൗണ്ടി, പ്രിസിങ്ക്റ്റ് 3 ന്റെ ക്യാപ്റ്റനായി മനോജ് നിയമതിനായി.
എറണാകുളം തിരുവാണിയൂർ കുന്നത്തുനാട് പൂപ്പാറയിൽ റിട്ടേഡ് പൊലീസ് ഓഫിസർ പി.ഐ.രാഘവന്റെയും ലീല രാഘവന്റെയും പുത്രനാണ്. ഭാര്യ ഹണി. ഹൂസ്റ്റണ്‍ ബാപ്റ്റിസ്റ്റ് യൂണിവേഴ്സറ്റിയില്‍ ബയോളജിയില്‍ ബിരുദ വിദ്യാര്‍ഥിയായ മാധവനാണ് മകന്.