കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ (95) അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ഏറെ നാളുകളായി ചികിത്സയിലിരിക്കുകയാണ് അന്ത്യം. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
രണ്ടു പതിറ്റാണ്ടിലധികമായി മലങ്കര യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയായിരുന്നു വിടവാങ്ങിയ തോമസ് പ്രഥമൻ കാതോലിക്ക ബാവ. എറണാകുളം ജില്ലയിൽ പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായിയുടെയും കുഞ്ഞയുടെയും മകനായിട്ടാണ് ബാവായുടെ ജനനം. സി.എം. തോമസ് എന്നായിരുന്നു ആദ്യനാമം.
1958 ഒക്ടോബർ 21-ന് വൈദികപട്ടം സ്വീകരിച്ചു. 1974-ൽ തോമസ് മോർ ദീവന്ന്യാസിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 1998 ഫെബ്രുവരി 22-ന് സുന്നഹദോസ് പ്രസിഡന്റായി നിയോഗിതനായി.
2000 ഡിസംബർ 27-ന് പുത്തൻകുരിശിൽ ചേർന്ന പള്ളിപ്രതിപുരുഷയോഗം നിയുക്ത കാതോലിക്കയായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തു. 2002 ജുലൈ 26-ന് ബസേലിയോസ് തോമസ് പ്രഥമൻ എന്ന പേരിൽ മഫ്രിയോനോ ആയി അഭിഷിക്തനായി. ഏറെ നാളുകളായി വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് സഭാ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ബാവ.