ഗർഭസ്ഥശിശുക്കളുടെ ജീവന്റെ സംരക്ഷണം ലക്ഷ്യംവയ്ക്കുന്ന ‘മാർച്ച് ഫോർ ലൈഫ്’ മൂവ്മെന്റിന്റെ 52-ാം വാർഷികം മാർച്ച്, ജനുവരി 24 -ന് വാഷിംഗ്ടൺ ഡി. സി. യിൽ നടന്നു. പ്രോ-ലൈഫ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ വാർഷിക പരിപാടിയായ ‘മാർച്ച് ഫോർ ലൈഫ്’ ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കുന്നതിനും അവരുടെ അമ്മമാരെ പിന്തുണയ്ക്കുന്നതിനുമാണ് നടത്തപ്പെടുന്നത്.
ലോകത്തിലെ ‘ഏറ്റവും വലിയ വാർഷിക മനുഷ്യാവകാശ പ്രകടനം’ എന്ന് വിശേഷിപ്പിക്കുന്ന മാർച്ച് ഫോർ ലൈഫ്, രാജ്യവ്യാപകമായി ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ 1973-ലെ സുപ്രധാന സുപ്രീം കോടതി കേസ് റോയ് വേഴ്സിന്റെ വാർഷികത്തോടനുബന്ധിച്ചാണ് എല്ലാ വർഷവും ജനുവരിയിൽ നടത്തപ്പെട്ടുവരുന്നത്. റോയിലെ കോടതിവിധിക്കുശേഷം 60 ദശലക്ഷത്തിലധികം ഗർഭസ്ഥശിശുക്കൾ കൊല്ലപ്പെട്ടു. എന്നാൽ, 2022 ജൂണിൽ ഡോബ്സ് വേഴ്സസ് ജാക്സൺ വിമൻസ് ഹെൽത്ത് ഓർഗനൈസേഷന്റെ മിസിസിപ്പി അബോർഷൻ കേസിന്റെ വെളിച്ചത്തിൽ പ്രഖ്യാപിക്കപ്പെട്ട സുപ്രീം കോടതിയുടെ തീരുമാനത്തോടെ അത് റദ്ദാക്കപ്പെട്ടു.
അമേരിക്കയുടെ വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസ് മാർച്ച് ഫോർ ലൈഫിൽ പങ്കെടുത്തു. പ്രോ-ലൈഫ് അംഗങ്ങളുടെ കൂടെ ഒരു വേദിയിൽ നിൽക്കുക എന്നത് അഭിമാനാർഹമാണെന്ന് തദവസരത്തിൽ അദ്ദേഹം പറഞ്ഞു.