തൃശൂരിലെ സ്വർണാഭരണ നിർമാണ ഫാക്ടറികളിൽ അടക്കം ജി.എസ്.ടി വകുപ്പിൻ്റെ വൻ റെയ്ഡ്. നഗരത്തിൽ 74 കേന്ദ്രങ്ങളിൽ സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 100 കിലോയിലധികം സ്വർണം. ഒരേസമയം വിവിധ സ്ഥാപനങ്ങളിലായി ഇന്നലെ വൈകിട്ട് 5ന് ആരംഭിച്ച പരിശോധന രാവിലെ പത്തുമണിയോടെയാണ് അവസാനിച്ചത്.

ഓപ്പറേഷൻ ടോറെ ഡെൽ ഓറോ (സ്പെയിനിലുള്ള ടവർ ഓഫ് ഗോൾഡ് എന്ന ഗോപുരം) എന്ന പേരിലാണ് റെയ്ഡ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 640 ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. ആകെ 3.40 കോടി നികുതി അടപ്പിച്ചു. കണക്കിൽ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് ആണ് ഇതെന്നാണു വിവരം. വീടുകളിലും ഫ്ലാറ്റുകളിലും പരിശോധന നടത്തിയിട്ടുണ്ട്. കൊച്ചിയിലേക്ക് ട്രെയിനിങ് എന്ന പേരിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് റെയ്ഡ് ആസൂത്രണം ചെയ്തത്. ജിഎസ്ടി സ്പെഷൽ കമ്മിഷണർ റെൻ എബ്രഹാമിന്‍റെ നേതൃത്വത്തിലായിരുന്നു ഈ ഏകോപനം. തൃശൂരിൽ എത്തിച്ചതിനു ശേഷമായിരുന്നു ഉദ്യോഗസ്ഥരോട് റെയ്ഡിനെക്കുറിച്ചു പറഞ്ഞത്. പരിശോധന തുടരുമെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു.