മലപ്പുറം: വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടികൂടിയ എം.ഡി.എം.എ ചലച്ചിത്രനടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി. എം.ഡി.എം.എ കൈപ്പറ്റാന്‍ രണ്ടു നടിമാര്‍ എറണാകുളത്തുനിന്ന് എത്തുമെന്നാണ് അറിയിച്ചിരുന്നതെന്നും അവര്‍ക്ക് കൈമാറാനാണ് കാത്തുനിന്നതെന്നുമാണ് കേസിൽ അറസ്റ്റിലായ കാളികാവ് സ്വദേശി മുഹമ്മദ് ഷബീബ് പൊലീസിന് മൊഴി നല്‍കിയത്.
എന്നാല്‍, ഏതു നടിമാരാണ് വരുന്നതെന്ന് ഷബീബിന് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചു. ലഹരികടത്തിന് പിന്നിലുള്ളവർക്കായി അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ക്രിസ്മസ്-പുതുവത്സര ആഘോഷം മുന്നിൽകണ്ടാണ് എം.ഡി.എം.എ എത്തിച്ചതെന്നും മലപ്പുറം ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
നടിമാരുമായി ബന്ധപ്പെട്ട മൊഴി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.കോഴിക്കോട് ബൈപാസിനോട് ചേര്‍ന്ന റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍നിന്നാണ് 510 ഗ്രാം എം.ഡി.എം.എയുമായി മുഹമ്മദ് ഷബീബിനെ പിടികൂടിയത്. ചെമ്മാട് സ്വദേശിയുടെ നിര്‍ദേശപ്രകാരമാണ് എം.ഡി.എം.എ വിദേശത്തുനിന്ന് എത്തിച്ചതെന്നാണ് വിവരം. ഒമാനില്‍നിന്ന് പാല്‍പ്പൊടി പാക്കറ്റുകളിലാക്കിയാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയത്.