ലോസ് ഏഞ്ചൽസിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ഇറ്റലി സന്ദർശനം റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അതിൽ പ്രസിഡന്റ് ബൈഡന്റെ അവസാന നയതന്ത്രയാത്രയും ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയും ഉൾപ്പെട്ടിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ ക്ഷണപ്രകാരം ജനുവരി ഒമ്പത് മുതൽ 12 വരെ ഇറ്റലിയിലേക്ക് പോകാനായിരുന്നു ബൈഡൻ നിശ്ചയിച്ചിരുന്നത്. പരിശുദ്ധ പിതാവിനോടൊപ്പമുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്‌ച ജനുവരി പത്തിനായിരുന്നു.

ലോസ് ഏഞ്ചൽസിൽ നിന്ന് മടങ്ങിയെത്തിയശേഷം, തീപിടുത്തത്തിനെതിരെ പോരാടുന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം, ഇറ്റലിയിലേക്കുള്ള യാത്ര റദ്ദാക്കാൻ ബൈഡൻ തീരുമാനിച്ചു എന്ന് ഈ ആഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു. ലോകമെമ്പാടുമുള്ള സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് മാർപാപ്പയുമായി പ്രസിഡന്റ് ബൈഡന്റെ ആസൂത്രിത കൂടിക്കാഴ്ച. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരുമായും ബൈഡൻ കൂടിക്കാഴ്ച നടത്തായിരുന്നു.

കഴിഞ്ഞ വർഷം ജൂണിലാണ് ബൈഡൻ അവസാനമായി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയിൽ ഇരുവരും ഇസ്രായേൽ, ഗാസ, ഉക്രൈൻ എന്നിവിടങ്ങളിലെ വിദേശ നയത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ചർച്ച ചെയ്തിരുന്നു.