കോഴിക്കോട്: മലബാറിൽ വലിയ പ്രചാരണം നേടിയ മെക് സെവൻ വ്യായാമ കൂട്ടായ്മക്കെതിരെ വിമർശനവുമായി സി.പി.എമ്മും സമസ്ത എ.പി. വിഭാഗവും. മെക് സെവന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്നും സുന്നി വിശ്വാസികൾ ഇതിൽപ്പെട്ടുപോകരുതെന്നുമാണ് സമസ്ത നേതാക്കളുടെ മുന്നറിയിപ്പ്. മെക് സെവന് പിന്നിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളാണെന്ന് സി.പി.എമ്മും ആരോപിച്ചു. അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളിലുൾപ്പെട്ടവരും കൂട്ടായ്മയിൽ ഉണ്ടെന്നുമാണ് മെക് സെവൻ അധികൃതരുടെ വിശദീകരണം.

ആരോഗ്യ സംരക്ഷണത്തിന് 21 മിനുറ്റ് നീളുന്ന വ്യായാമ പദ്ധതിയാണ് മെക് സെവൻ. മലപ്പുറം തുറക്കലിലെ മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ സ്വലാഹുദ്ധീനാണ് സ്ഥാപകൻ. 2022ൽ തുടങ്ങിയ മെക് സെവൻ മലബാറിൽ രണ്ട് വർഷത്തിനുള്ളിൽ ആയിരത്തോളം യൂണിറ്റുകളായി വളർന്നു. ഒരു വ്യായാമ പദ്ധതിയെന്ന നിലയിൽ വലിയ സ്വീകാര്യത കിട്ടിയെങ്കിലും ഇതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിക്കും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനും കയ്യുണ്ടെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. 

വിമർശനവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്തെത്തി. മെക് സെവന് പിന്നിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടാണെന്നാണ് പി മോഹനന്റെ വിമർശനം. മെക് സെവൻ വാട്സപ്പ് കൂട്ടായ്മയുടെ അഡ്മിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നവരാണെന്ന് വ്യക്തമായിരുന്നതായി മോഹനൻ പറഞ്ഞു.

മെക് സെവന് ചതി ഉണ്ടെന്നും വിശ്വാസികൾ പെട്ടുപോകരുതെന്നും എ.പി വിഭാഗം സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുന്നറിയിപ്പ് നൽകി. മെക് സെവന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണ്. സുന്നി വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. വിശ്വാസികൾ ഇത് തിരിച്ചറിയണമെന്നും പേരോട് സഖാഫി പറയുന്നു. മെക് സെവൻ പ്രവർത്തനം സംശയാസ്പദമാണെന്നും പോപ്പുലർ ഫ്രണ്ടിന്റെ ആദ്യരൂപമായ എൻ.ഡി.എഫ് കേരളത്തിൽ പ്രവർത്തനം തുടങ്ങിയപ്പോഴും സമാന രീതിയാണ് പ്രയോഗിച്ചതെന്നും എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂരും ആരോപിച്ചു.

‘മുസ്ലിം പോക്കറ്റുകളിലാണ് മെക് സെവൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുസ്ലിം വിശ്വാസികൾക്ക് ബാധകമാകുന്ന ചില പ്രയോഗങ്ങളൊക്കെ ഇവർ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു. എന്താണ് ഇവരുടെ സമുദായ താൽപര്യമെന്ന് വ്യക്തമാക്കണം. മുമ്പ് കേരളത്തിൽ എൻ.ഡി.എഫ് വന്നത് യുവാക്കളെ കളരി അഭ്യസിപ്പിച്ചായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ സംശയം ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നവരോട് വസ്തുത നിരത്തി മറുപടി പറയുന്നില്ല. മറുപടി പറയാനെത്തുന്നത് ജമാഅത്തെ ഇസ്ലാമിയുടെയും മുൻ പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരുമാണ്.’- മുഹമ്മദലി കിനാലൂർ പറഞ്ഞു.

അതേസമയം ആരോപണങ്ങളെല്ലാം മെക് സെവൻ അംബാസിഡർ ബാവ അറക്കൽ നിഷേധിച്ചു. സദുദ്ദേശത്തോടെ മനുഷ്യരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള വ്യായാമ കൂട്ടായ്മ മാത്രമാണ് മെക് സെവൻ. വളരെ എളുപ്പം ജീവിത ശൈലി രോഗങ്ങളിൽ നിന്ന് മുക്തമാകാൻ കഴിയുന്നത് കൊണ്ടും സൗജന്യമായി നൽകുന്നതുകൊണ്ടുമാണ് വേഗം പ്രചാരം ലഭിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും മതങ്ങളിലുള്ളവലും മെക് സെവനിന്റെ ഭാഗമാണ്. മലപ്പുറത്ത് പന്ത്രണ്ടോളം ലീഗ് എം.എൽ.എമാർ മെക്സവൻ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ബാവ അറക്കൽ വ്യക്തമാക്കി. മെക് സെവൻ പ്രവർത്തനങ്ങളെക്കുറിച്ച് വിമർശനം ഉയർന്നതോടെ രഹസ്യാന്വേഷണ വിഭാഗം പരിശോധന തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.