വിദേശ ഇടപെടൽ നടത്തുന്നതായി ആരോപിച്ച് റഷ്യൻ സർക്കാരിനെ പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍ക്ക് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും ഉടമയായ മെറ്റ വിലക്കേര്‍പ്പെടുത്തി. റഷ്യൻ പിന്തുണയുള്ള മാധ്യമങ്ങള്‍ക്തെിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടെക് ഭീമന്‍റെ ഈ നടപടി.
മെറ്റയുടെ വക്താവ് പുറപ്പെടുവിച്ച പ്രസ്താവനയിൽ, സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷം റഷ്യൻ സ്റ്റേറ്റ് മീഡിയ ഔട്ട്‌ലെറ്റുകൾക്കെതിരായ നിലവിലുള്ള നീക്കം കൂടുതൽ വിപുലമാക്കിയതായും പറയുന്നു. റൊസിയ സെഗോഡ്‌ന്യ, ആർ.ടി എന്നിവയും മറ്റ് അനുബന്ധ സ്ഥാപനങ്ങളും തങ്ങളുടെ ആപ്പുകളിൽ ആഗോളവ്യാപകമായി നിരോധിച്ചതായി മെറ്റയുടെ വക്താവ് അറിയിച്ചു.
റഷ്യൻ സർക്കാർ നിയന്ത്രണത്തിലുള്ള അന്തർദേശീയ ടെലിവിഷൻ നെറ്റ്‌വർക്കായ ആർ.ടിക്ക് ഫേസ്ബുക്കിൽ 72 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. എന്നാൽ ഈ വിലക്കിനെക്കുറിച്ച് ആർ.ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം മുമ്പ് തങ്ങളെ ലക്ഷ്യമിട്ടുള്ള യു.എസ് നടപടികളെ പരിഹസിച്ചിരുന്നു.
യു.എസ്, റഷ്യയുടെ ഇന്‍റലിജൻസ് സംവിധാനത്തിലെ പൂർണ അംഗമായി ആർ.ടിയെ വിശേഷിപ്പിച്ചിരുന്നു. അന്താരാഷ്ട്ര സമൂഹത്തെ ഇക്കാര്യം ബോധവൽക്കരിക്കാനുള്ള നയതന്ത്ര ശ്രമം ആരംഭിക്കുന്നതായും ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ‘റഷ്യയുടെ നുണകള്‍ക്കുള്ള ഞങ്ങളുടെ ഏറ്റവും ശക്തമായ മറുമരുന്ന് സത്യമാണെന്നായിരുന്നു’ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇരുളിന്‍റെ മറവില്‍ റഷ്യ ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങളിലേക്ക് അത് വെളിച്ചം വീശുന്നുവെന്നും പറഞ്ഞു.
ടെന്നസി ആസ്ഥാനമായുള്ള ഒരു വലതുപക്ഷ മാധ്യമ കമ്പനിക്ക് രഹസ്യമായി ധനസഹായം നൽകാൻ പദ്ധതിയിട്ട രണ്ട് ആർ.ടി ജീവനക്കാരെ യു.എസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ജസ്റ്റിസ് ഈ മാസം ആദ്യം കുറ്റം ചുമത്തിയ സംഭവവും നേരത്തെ റിപോർട്ട് ചെയ്തിരുന്നു.